സ്വന്തം ലേഖകൻ: ഫോണ്‍ വെള്ളത്തില്‍ വീണാല്‍ അരിയിലിട്ട് വെക്കുന്നൊരു രീതിയുണ്ട്. ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കാനാണിത്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കൾ അത് ചെയ്യരുത് എന്നാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശം. അത് ഫോണിന് കൂടുതല്‍ പ്രശ്‌നമാണെന്ന് കമ്പനി പറയുന്നു.
ഇത് കൂടാതെ ഹെയര്‍ ഡ്രയറുകള്‍, കംപ്രസ്ഡ് എയര്‍ ബ്ലോവറുകള്‍ പോലുള്ളവ ഉപയോഗിക്കരുത് എന്നും ആപ്പിള്‍ പറയുന്നു. ചാര്‍ജിങ് പോര്‍ട്ടുകള്‍ പോലുള്ളവയില്‍ പേപ്പര്‍ ടവലുകളും കോട്ടന്‍ സ്വാബുകളും ഇടരുതെന്നും ആപ്പിള്‍ പറഞ്ഞു.
കേബിള്‍ കണക്ടറില്‍ നനവുള്ളപ്പോള്‍ കേബിള്‍ കണക്ട് ചെയ്താല്‍ ഫോണില്‍ മുന്നറിയിപ്പ് കാണിക്കും. കേബിള്‍ വേര്‍പെടുത്താനും ഉണങ്ങുന്നത് വരെ കാത്തിരിക്കാനും കമ്പനി നിര്‍ദേശിക്കുന്നു.
ആപ്പിളിന്റെ നിര്‍ദേശങ്ങള്‍
ലൈറ്റ്‌നിങ് കേബിളോ യുഎസ്ബി സി കണക്ടറോ നനവുള്ളപ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്താല്‍ അത് അവ സ്ഥിരമായി തകരാറിലാവുന്നതിന് ഇടയാക്കും. കണക്ടിവിറ്റി പ്രശ്‌നങ്ങളും ഉണ്ടാവും. ഫോണ്‍ നനഞ്ഞിരിക്കുമ്പോഴും ചാര്‍ജ് ചെയ്യരുത്. എന്നാല്‍ അടിയന്തിര ഘട്ടത്തില്‍ ലിക്വിഡ് ഡിറ്റക്ഷന്‍ സംവിധാനത്തെ മറികടന്ന് ഓഫ് ചെയ്ത് ചാര്‍ജ് ചെയ്യാനാവും.
അതേസമയം വയര്‍ലെസ് ചാര്‍ജിങ് സംവിധാനം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനാവും.
ഐഫോണ്‍ അല്ലെങ്കില്‍ അനുബന്ധ ഉപകരണം നനഞ്ഞാല്‍
ഐഫോണില്‍ നിന്നും പവര്‍ അഡാപ്ടറില്‍ നിന്നും കേബിള്‍ വേര്‍പെടുത്തുക.
ഐഫോണില്‍ നിന്നും കേബിളില്‍ നിന്നും നനവ് പോകും വരെ പിന്നീട് ചാര്‍ജ് ചെയ്യരുത്.
കണക്ടര്‍ താഴേക്ക് വരും വിധം ഫോണ്‍ പിടിച്ച് കയ്യില്‍ പതിയേ തട്ടുക. ബാക്കിയുള്ള വെള്ളം പുറത്തുവരാനാണിത്. വായു സഞ്ചാരമുള്ള ഇടത്ത് ഫോണ്‍ ഉണങ്ങാന്‍ വെക്കുക
അപ്പോഴും ലിക്വിഡ് ഡിറ്റക്ഷന്‍ മുന്നറിയിപ്പ് കാണുന്നുവെങ്കില്‍ വെള്ളം മുഴുവനായി പോയിട്ടില്ലെന്നര്‍ത്ഥം. ഫോണും അനുബന്ധ ഉപകരണങ്ങളും ഒരു ദിവസത്തില്‍ കൂടുതല്‍ നേരം വീണ്ടും ഉണങ്ങാനായി വെക്കുക. ഈ സമയ പരിധിക്ക് ശേഷവും ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കാം. ചിലപ്പോള്‍ മുഴുവനായി വെള്ളം ഉണങ്ങാന്‍ 24 മണിക്കൂറെങ്കിലും വേണ്ടി വന്നേക്കും.
ഫോണ്‍ ഉണങ്ങിയിട്ടും ചാര്‍ജ് ആവുന്നില്ലെങ്കില്‍, ചാര്‍ജര്‍ അഡാപ്ടറിലേയും കേബിളിലേയും നനവ് പോയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ചെയ്യരുതാത്തത്
ഹെയര്‍ ഡ്രയറുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ ചൂടാക്കുകയോ ശക്തമായി വായു പ്രവഹിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക.
കോട്ടണ്‍ സ്വാബ്, പേപ്പര്‍ ടവല്‍ എന്നിവ കണക്ടറിനുള്ളില്‍ ഇടരുത്.
ഫോണ്‍ അരിച്ചാക്കില്‍ ഇടരുത്. അരിയിലെ ചെറിയ കഷ്ണങ്ങള്‍ ഫോണിന് കൂടുതല്‍ പ്രശ്‌നമായേക്കും.
ചാര്‍ജര്‍ കേബിളും അഡാപ്ടറും ഫോണും ഉണങ്ങിയിട്ടും ചാര്‍ജ് ആവുന്നില്ലെങ്കില്‍ ആപ്പിള്‍ സപ്പോര്‍ട്ടിനെ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല