സ്വന്തം ലേഖകൻ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷത്തെ ഐപിഎൽ യുഎഇയിലേക്ക്. കോവിഡ് പ്രതിസന്ധിയിൽ അനന്തമായി നീണ്ട ട്വൻറി20 ക്രിക്കറ്റ് മാമാങ്കം സെപ്റ്റംബറിൽ യുഎഇയിൽ ആരംഭിക്കും. 19 ന് ആരംഭിക്കുന്ന താരപ്പോരിന്റെ കൊട്ടിക്കലാശം നവംബർ എട്ടിന് നടക്കും.
ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള അനൗദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നത്. അടുത്ത ആഴ്ച കൂടുന്ന ഐപിഎൽ ഗവേർണിങ് മീറ്റിങ്ങിൽ ഷെഡ്യൂളുകളും മറ്റു തീരുമാനങ്ങളും അറിയിക്കും. ഓസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവെച്ചാൽ ആ സമയത്ത് ഐപിഎൽ നടത്താനാവുമെന്ന് നേരത്തെ ബിസിസിഐ സൂചന നൽകിയിരുന്നു.
ലോകകപ്പ് മാറ്റിവെക്കാൻ ഐസിസി തീരുമാനിച്ചതോടെയാണ് ഐപിഎൽ യുഎഇയിൽ നടത്താൻ വഴിയൊരുങ്ങിയത്. കോടികൾ ഒഴുകുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം നടന്നില്ലെങ്കിൽ ബിസിസിഐക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. അതിനാലാണ് എന്തു വിലകൊടുത്തും ടൂർണമെന്റ് റ് നടത്തണമെന്ന നിലപാടുമായി ക്രിക്കറ്റ് സംഘടന മുന്നോട്ട് പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല