അഞ്ചാം ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയുമായി അജിങ്ക്യ രഹാനെ കസറിയ മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ ജയം. 59 റണ്‍സിനായിരുന്നു റോയല്‍സിന്റെ ജയം. 60 പന്ത് മാത്രം നേരിട്ട് സീസണിലെ കന്നി സെഞ്ചുറി സ്വന്തമാക്കിയ രഹാനെയുടെ മികവില്‍ രാജസ്ഥാന്‍ 20 ഓവറില്‍ രണ്ടു വിക്കറ്റിന് 195 റണ്‍സ് നേടി. 12 ഫോറും അഞ്ച് സിക്സും രഹാനെ നേടി. 26 പന്തില്‍ അഞ്ച് സിക്സും അഞ്ച് ഫോറും ഉള്‍പ്പടെ 60 റണ്‍സ് അടിച്ചു കൂട്ടിയ ഒവൈസ് ഷാ രഹാനയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സ് നേടി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാംഗളൂരിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ക്രിസ് ഗെയ്ല്‍-അഗര്‍വാള്‍ സഖ്യം 42 റണ്‍സ് നേടി. എന്നാല്‍ 34 റണ്‍സ് നേടിയ അഗര്‍വാള്‍ പുറത്തായതോടെ ബാംഗളൂരിന്റെ തകര്‍ച്ച ആരംഭിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട ബാംഗളൂര്‍ 19.5 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി. വിരാട് കോഹ്ലി 22 റണ്‍സ് നേടി. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സിദ്ദാര്‍ഥ് ത്രിവേദിയാണ് ബാംഗളൂരിനെ തകര്‍ത്തത്. അമിത് സിംഗ്, പങ്കജ് സിംഗ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. സെഞ്ചുറി നേടിയ രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്.
ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് നാടകീയ ജയം. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ടു റണ്‍സിനാണ് പഞ്ചാബാ തോല്‍പ്പിച്ചത്. 135 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കോല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 132 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 35 റണ്‍സ് നേടി പുറത്താകാതെ നിന്ന ദേബര്‍ത്ത ദാസാണ് കോല്‍ക്കത്തയുടെ ടോപ്പ് സ്കോറര്‍. ഓപ്പണര്‍ കാലിസിനെ (ഒന്ന്) തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും ഗംഭീറും (22) മനോജ് തിവാരിയും (20) ബിസ്ലയും (27) ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ സ്കോറിംഗ് വേഗത കുറഞ്ഞതാണ് കോല്‍ക്കത്തയ്ക്ക് വിനയായത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പീയുഷ് ചൌളയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മന്‍ദീപ് സിംഗ് (38) ഡേവിഡ് ഹസി (32) എന്നിവര്‍ നടത്തിയ ഭേദപ്പെട്ട പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. പഞ്ചാബിനു വേണ്ടി ഹര്‍മീത് സിംഗ് (14), പീയുഷ് ചൌള (13), ബിപുല്‍ ശര്‍മ (12) വീതവും റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരേന്‍ നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല