സ്വന്തം ലേഖകൻ: ബയോ സെക്യുർ ബബ്ള്‍ സംവിധാനത്തിനുള്ളിൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്ര എന്നിവർക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് നിർത്തിവച്ചത്.
സാഹയ്ക്കും മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ, ആകെയുള്ള എട്ടു ടീമുകളിൽ നാലിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സ് ബോളിങ് പരിശീലകൻ ബാലാജി ഉൾപ്പെടെ മൂന്നു പേർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
കൊൽക്കത്ത താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം ബിസിസിഐ നീട്ടിവച്ചിരുന്നു. തുടർന്ന് ഐപിഎൽ 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലേക്കു മാറ്റുന്നതിനുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് രണ്ടു ടീമുകളിൽക്കൂടി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനു പിന്നാലെ ഐ.പി.എല്‍ 14-ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായത് ഓസീസ് താരങ്ങളാണ്. ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചതിനു പിന്നാലെ 14-ാം സീസണുമായി സഹകരിച്ച എല്ലാവരെയും അതത് നാടുകളിലേക്ക് സുരക്ഷിതമായി തിരികെയെത്തിക്കാന്‍ തങ്ങളെക്കൊണ്ട സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഓസീസ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കമന്റേറ്റര്‍മാരുടെയും തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലാണ്. കാരണം നേരത്തെ 14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരികയും കനത്ത പിഴയും നല്‍കേണ്ടി വരും.
ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്‌ട്രേലിയ കൈക്കൊള്ളുന്നത്. മേയ് മൂന്ന് മുതല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വന്നു. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയില്‍ എത്തിച്ചേരുന്നുണ്ട്. ഇത് തടയുക എന്നതാണ് പുതിയ ഉത്തരവിൻ്റെ ലക്ഷ്യം.
ഇതിനിടെ ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നിലവില്‍ പദ്ധതിയില്ലെന്ന് തലവന്‍ നിക്ക് ഹോക്ക്ലി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പതിനാലോളം ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുണ്ട്. കളിക്കാരെ കൂടാതെ റിക്കി പോണ്ടിങ്, ഡേവിഡ് ഹസ്സി, ബ്രെറ്റ് ലീ, മാത്യു ഹെയ്ഡന്‍ തുടങ്ങിയ മുന്‍ ഓസീസ് താരങ്ങളും വിവിധ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ടിവി കമന്ററി ടീം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല