ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എട്ടു വിക്കറ്റിന് കീഴടക്കിയാണ് ഡല്‍ഹി രണ്ടാം ജയം ആഘോഷിച്ചത്. സ്കോര്‍: ചെന്നൈ: 20 ഓവറില്‍ 110/8, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 13.2 ഓവറില്‍ 111/2. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിരയില്‍ 22 റണ്‍സെടുത്ത ബ്രാവോയാണ് ടോപ് സ്കോറര്‍.
ഡല്‍ഹിക്കായി മോര്‍ക്കല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗ്(21 പന്തില്‍ 33), നമാന്‍ ഓജ(14) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കം നല്കി. കെവിന് പീറ്റേഴ്സണും(26 പന്തില്‍ 43 നോട്ടൌട്ട്), മഹേള ജയവര്‍ധന(21 പന്തില്‍ 20 നോട്ടൌട്ട്)യും ചേര്‍ന്ന് ഡല്‍ഹിയുടെ ജയം പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 42 റണ്‍സിന് കീഴടക്കിയാണ് കോല്‍ക്കത്ത ആദ്യജയം ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കോല്‍ക്കത്ത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ ബാംഗളൂരിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഗൌതം ഗംഭീറും(39 പന്തില്‍ 64), മന്‍വീന്ദര്‍ ബിസ്ലയും(29 പന്തില്‍ 46) ചേര്‍ന്നാണ് കോല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ 25 റണ്‍സെടുത്ത വിനയ്കുമാറും 20 റണ്‍സെടുത്ത നായകന് ഡാനിയേല്‍ വെട്ടോറിയും മാത്രമെ ബാംഗളൂര്‍ നിരയില്‍ തിളങ്ങിയുള്ളൂ. കോല്‍ക്കത്തയ്ക്കായി ബാലാജി നാലു വിക്കറ്റ് വീഴ്ത്തി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല