ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഏഴ് വിക്കറ്റ് ജയം. 93 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അഞ്ച് ഓവറും ഒരു പന്തും ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വീരേന്ദര്‍ സേവാഗ് (32), മഹേല ജയവര്‍ധന (പുറത്താകാതെ 17), നമാന്‍ ഓജ (13) എന്നിവരുടെ ബാറ്റിംഗാണ് ഡല്‍ഹിക്ക് വിജയം ഒരുക്കിയത്. മുംബൈയ്ക്ക് വേണ്ടി ആര്‍.പി.സിംഗ് രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ബൌളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഹര്‍ഭജന്‍ സിംഗ് (33), രോഹിത് ശര്‍മ്മ (29) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്നത്. റിച്ചാര്‍ഡ് ലെവി, ഡേവ് ജേക്കബ്സ്, അമ്പാട്ടി റായിഡു, കിരോണ്‍ പോളാര്‍ഡ്, ദിനേശ് കാര്‍ത്തിക് തുടങ്ങിയ മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ കൂടാരം കയറി.
ഡല്‍ഹിക്ക് വേണ്ടി ഷഹബാസ് നദീം, മോണി മോര്‍ക്കല്‍, അജിത്ത് അഗാര്‍ക്കര്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുംബൈയുടെ രണ്ടു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ ഷഹബാസ് നദീമാണ് മാന്‍ ഓഫ് ദ മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല