സ്വന്തം ലേഖകന്‍: തിരിച്ചുവരവ് സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്; ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലില്‍ മൂന്നാം കിരീടം. രണ്ടു വര്‍ഷത്തെ മാറ്റി നിര്‍ത്തലിന് മധുര പ്രതികാരമായി ഐപിഎലിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂന്നാം കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ചെന്നൈക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം വാട്സണ്‍റെ മിന്നല്‍ സെഞ്ചുറി (117)യുടെ ബലത്തില്‍ 18.3 ഓവറില്‍ എട്ടു വിക്കറ്റ് ബാക്കി നില്‍ക്കെ ധോനിയും സംഘവും മറികടക്കുകയായിരുന്നു.
ഇതോടെ ഐപിഎലിലെ മൂന്ന് കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പം ചെന്നൈയും എത്തി. 2010,11 വര്‍ഷങ്ങളിലായിരുന്നു ചെന്നൈ ഇതിന് മുമ്പ് കിരീടം ചൂടിയത്. 57 പന്തില്‍ നിന്ന് 117 എടുത്ത വാട്സണ് 51 പന്തിലാണ് സെഞ്ചുറി നേട്ടം കൈവരിച്ചത്. എട്ടു സികറുകളും 11 ഫോറുകളും അടിച്ചു കൂട്ടിയാണ് വാട്സണ് ഹൈദരാബാദ് ബോളര്‍മാരെ തുരത്തിയത്.
വിജയവഴിയില്‍ ചെന്നൈയ്ക്കു ഡുപ്ലസിയെയും (10) സുരേഷ് റെയ്നയെയും (32) മാത്രമാണ് നഷ്ടമായത്. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷമുള്ള ആദ്യ സീസണില്‍ തന്നെ കിരീടം നേടാന്‍ ഇതോടെ ചെന്നൈയ്ക്കായി. ഈ സീസണില്‍ മൂന്നു തവണ ഇരുവരും കണ്ടുമുട്ടിയപ്പോഴും സണ്‍റൈസേഴ്സിനു തോല്‍വിയായിരുന്നു വിധി. ഫൈനലിലും അതാവര്‍ത്തിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല