ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഇന്ന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ നേരിടും. അവിശ്വസനീയ വിജയവുമായി പ്ലേ ഓഫ് മറികടന്നെത്തിയ സൂപ്പര്‍ കിംഗ്സും മികച്ച ഫോമിലുള്ള നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്കാവും നെഞ്ചിടിപ്പുയരുക. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ചെന്നൈയുടെ കഴിവിനെ എതിരാളികള്‍പോലും പുകഴ്ത്തുന്നു. അതുകൊണ്ടുതന്നെ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് നേരിയ സമ്മര്‍ദ്ദമുണ്ടാകും. ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ സിഎസ്കെയ്ക്ക് അടി പതറുന്നത് കണ്ടപ്പോഴും ഈ പ്രതീക്ഷയ്ക്കൊന്നും ഒരു മങ്ങലും ഏറ്റിരുന്നില്ല.
കാരണം, അവസാന നിമിഷം ഒരു ഫീനിക്സ് പക്ഷിയെപോലെ ധോണിയും കൂട്ടരും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ഐപിഎല്‍ സീസണുകളിലെല്ലാം ഈ സിഎസ്കെ മാജിക് എല്ലാവരും കണ്ടതുമാണ്. ഇതു നാലാം തവണയാണ് സിഎസ്കെ ഐപിഎല്‍ ഫൈനല്‍ പ്രവേശം നടത്തുന്നത്. കഴിഞ്ഞ മൂന്നു തവണ ഫൈനലില്‍ എത്തിയപ്പോള്‍ രണ്ട് തവണയും വിജയം ചെന്നൈയ്ക്ക് ഒപ്പം ആയിരുന്നു. 2010ലും, 2011ലും ഐപിഎല്‍ കപ്പ് ഉയര്‍ത്താനുള്ള ഭാഗ്യം ചെന്നൈ സൂപ്പര്‍ കിങ്ങ്സിനായിരുന്നു. ഇത്തവണയും ഇതുതന്നെ സംഭവിക്കും എന്നാണ് ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത്.
ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തിയിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ചെന്നൈയ്ക്ക് നേരിടേണ്ടി വരിക. ചെന്നൈ ഫൈനലില്‍ എത്തിയാല്‍ കൊല്‍ക്കത്തയുടെ വിജയ പ്രതീക്ഷ തകരും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് നേരത്തെ തന്നെ നല്ല പ്രചാരം ഉണ്ടായിരുന്നു.സിഎസ്കെയുടെ ഫൈനല്‍ പ്രവേശത്തോടെ തകര്‍ന്നത് കെകെആര്‍ ആരാധകരുടെ ഹൃദയമാണ്. ആഗ്രഹം മറിച്ചാണെങ്കിലും ഇത്തവണയും ചെന്നൈ തന്നെ കപ്പ് കൊണ്ടു പോകും എന്നു തന്നെയാണ് അവരുടെയും മനസ്സ് മന്ത്രിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല