സ്വന്തം ലേഖകൻ: ഐപിഎൽ വിദേശത്ത് സംഘടിപ്പിക്കുക ചെലവേറിയതെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വഷളാവുന്ന സാഹചര്യത്തിൽ ലീഗ് രാജ്യത്ത് നടത്താനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാലേ മറ്റ് രാജ്യങ്ങൾ പരിഗണിക്കൂ എന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
“ഐപിഎൽ നടത്തണമെന്ന് തന്നെയാണ് ആഗ്രഹം. കാരണം, ക്രിക്കറ്റ് പഴയ രീതിയിലേക്ക് മടങ്ങണം. പക്ഷേ, വിഷയത്തിൽ ഞങ്ങൾ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ടി-20 ലോകകപ്പിൻ്റെ ഭാവിയെപ്പറ്റി ഇതുവരെ തീരുമാനമായിട്ടില്ല. ഐപിഎൽ നടത്താനുള്ള പ്രഥമ പരിഗണന ഇന്ത്യ തന്നെയാണ്. 35-40 ദിവസങ്ങൾ ലഭിച്ചാലും ഞങ്ങൾ ഐപിഎൽ നടത്തും.
കൊവിഡ് കാരണം ഇന്ത്യയിൽ ലീഗ് നടത്താൻ സാധിച്ചില്ലെങ്കിൽ രാജ്യത്തിനു പുറത്തേക്ക് ആലോചിക്കും. എവിടെ നടത്തണമെന്ന് ആലോചിക്കും. കാരണം, പുറത്ത് നടത്തണമെങ്കിൽ ഫ്രാഞ്ചൈസികൾക്കും ബിസിസിഐക്കുമൊക്കെ അത് ചെലവേറിയതാവും. അതുകൊണ്ട് തന്നെ കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. 2020 ഐപിഎൽ ഇല്ലാതെ അവസാനിപ്പിക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നില്ല.”- ഗാംഗുലി പറഞ്ഞു.
ശ്രീലങ്ക, യുഎഇ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് ഐപിഎൽ നടത്താൻ സന്നദ്ധത അറിയിച്ചത്. ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ ഇക്കാര്യം തീരുമാനിക്കാനാണ് ബിസിസിഐയുടെ നീക്കം. ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിലും അല്ലെങ്കിലും വേദിയും സൗകര്യവും ലഭ്യമാവുന്നതിന് അനുസരിച്ച് ലീഗ് നടത്താനാണ് ആലോചന.
വേദി ഏതായാലും ഇത്രയധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് സുരക്ഷിതമായി കളിക്കാൻ കഴിയുന്ന സ്ഥലമാവണം എന്നതാണ് ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട്. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല