ഐപിഎല്‍ വാതുവെപ്പ് കേസില്‍ നിര്‍ണായകമായേക്കാവുന്ന വെളിപ്പെടുത്തലുമായി മുന്‍ ഐപിഎല്‍ കമ്മീഷ്ണറും അഴിമതിക്കേസില്‍ കുറ്റാരോപിതനുമായ ലളിത് മോഡി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ക്ക് ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധമുണ്ടെന്നും ഇവര്‍ വാതുവെപ്പുകാരില്‍നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും ലളിത് മോഡി ട്വിറ്ററിലൂടെ ആരോപിച്ചെന്ന് സിഎന്‍എന്‍ ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാതുവയ്പുകാരനായ ബാബാ ദിവാനുമായി മൂവര്‍ക്കും സംശയകരമായ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2013ല്‍ രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ആയിരുന്ന ഡേവ് റിച്ചാര്‍ഡ്‌സണ് താന്‍ എഴുതിയ കത്ത് ലളിത് മോദി ഇന്ന് ട്വിറ്ററിലൂടെ പുറത്ത് വിടുകയായിരുന്നു. വാതുവയ്പുമായി സഹകരിച്ചതിന് ബാബാ ദിവാന്‍ മൂവര്‍ക്കും പണം മാത്രമല്ല ഫ്‌ലാറ്റുകളും പ്രതിഫലമായി നല്‍കിയിരുന്നെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.
ട്വിറ്ററില്‍ കോണ്‍ഗ്രസിനെയും എന്‍ഡിഎ സര്‍ക്കാരിനെയും ലളിത് മോഡി വെല്ലുവിളിക്കുന്നുണ്ട്. വന്‍ വെളിപ്പെടുത്തലുകള്‍ പുറകെ ഉണ്ടാകുമെന്ന തരത്തിലാണ് ലളിത് മോഡിയുടെ ട്വീറ്റുകള്‍.
കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയും റോബര്‍ട്ട് വാദ്രയുമായി ലളിത് മോഡി ലണ്ടനില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്ന വെളിപ്പെടുത്തല്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല