ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് (ഐ.പി.എല്‍.) അഞ്ചാം സീസണിലേക്കുള്ള താര ലേലത്തില്‍ ദേശീയ താരവും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജ കോടികള്‍ വിലപിടിപ്പുള്ള കളിക്കാരനായി. പ്രവര്‍ത്തനം നിലച്ച കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ താരമായിരുന്ന ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 9.73 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. മലയാളി താരം എസ്.ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. രണ്ടു കോടി രൂപയ്ക്കാണ് റോയല്‍സ് ശ്രീശാന്തിനെ നേടിയത്. പരിക്ക് മൂലം ശ്രീശാന്ത് അഞ്ചാം സീസണില്‍ കളിക്കില്ല എന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ള ഇന്നലെ പറഞ്ഞിരുന്നു.
ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബ്രണ്ടന്‍ മക്കല്ലത്തിനും ശ്രീലങ്കന്‍ ഏകദിന ക്യാപ്റ്റന്‍ മഹേള ജയവര്‍ധനയ്ക്കും മികച്ച തുക ലഭിച്ചു. ജയവര്‍ധനയെ ഏഴ് കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ കൊച്ചി ടസ്കേഴിസിന്റെ ക്യാപ്റ്റനായിരുന്നു ജയവര്‍ധന. മക്കല്ലത്തെ നാലരക്കോടി രൂപയ്ക്കാണ് കോല്‍ക്കത്ത തിരിച്ചു പിടിച്ചത്. ആദ്യ സീസണുകളില്‍ കോല്‍ക്കത്തിയിലായിരുന്ന മക്കല്ലത്തെ കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ കൊച്ചി സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ താരം ആര്‍.പി.സിംഗിനെ മുംബൈ ഇന്ത്യന്‍സും വിനയ്കുമാറിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരും സ്വന്തമാക്കി.
ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ ഒരു കോടി പത്ത് ലക്ഷം രൂപയ്ക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയപ്പോള്‍ ഓസീസ് മധ്യനിര ബാറ്റ്സ്മാന്‍ ബ്രാഡ് ഹോഡ്ജിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹെര്‍ഷല്‍ ഗിബ്സിനെ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 25 ലക്ഷം രൂപയ്ക്കാണ് മുംബൈ ഗിബ്സിനെ സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരം വി.വി.എസ്.ലക്ഷ്മണ്‍, ഇംഗ്ളണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍, ഒവൈസ് ഷാ, ഇയാന്‍ ബെല്‍, വെസ്റിന്‍ഡീസിന്റെ അഡ്രിയാന്‍ ബാരത്ത്, രാംനരേഷ് സര്‍വന്‍, ഡാരന്‍ ബ്രാവോ, ബംഗ്ളാദേശിന്റെ ഓപ്പണര്‍ തമീം ഇക്ബാല്‍, ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ എന്നിവരെ വാങ്ങാന്‍ ഒരു ടീമും തയാറായില്ല. 144 കളിക്കാരുടെ ലേലമാണ് ഇന്ന് നടക്കുന്നത്. എന്നാല്‍ 30 ഓളം പേരെ മാത്രമേ വിറ്റു പോകാന്‍ സാധ്യതയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല