അഞ്ചാം ഐപിഎല്‍ സീസണിലേക്കുള്ള താരലേലം ഇന്ന് നടക്കും. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായുള്ള 144 താരങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യന്‍ ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജക്കായി ടീമുകള്‍ കടുത്ത മത്സരം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡേജയെ മാത്രം ലക്ഷ്യവെച്ച് രണ്ടു ടീമുകള്‍ രംഗത്തുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ സീസണില്‍ കൊച്ചി ടസ്കേഴ്സ് താരമായിരുന്നു ജഡേജ. ഐപിഎലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സിലെ മറ്റ് താരങ്ങളായ വി.വി.എസ്. ലക്ഷ്മണ്‍, എസ്. ശ്രീശാന്ത്, ആര്‍.പി. സിംഗ്, പാര്‍ഥിവ് പട്ടേല്‍, രമേഷ് പവാര്‍, ആര്‍. വിനയ് കുമാര്‍ പഞ്ചാബ് കിംഗ്സ് ഇലവന്‍ താരമായ വി.ആര്‍.വി സിംഗ് എന്നിവര്‍ ഇന്ത്യയില്‍ നിന്നും പട്ടികയിലുണ്ട്.
കൊച്ചി ടസ്കേഴ്സ് ക്യാപ്റ്റനായിരുന്ന ശ്രീലങ്കയുടെ മഹേള ജയവര്‍ധന, ന്യൂസിലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബ്രണ്ടന്‍ മക്കല്ലം എന്നിവര്‍ക്കായും ടീമുകള്‍ ശക്തമായി രംഗത്തുവരും. പരിക്കിനെ തുടര്‍ന്ന് അഞ്ചാം സീസണില്‍ കളിക്കില്ലെന്ന് ഉറപ്പായ പൂനെ നായകന്‍ യുവരാജ് സിംഗിന് പകരമായി ജയവര്‍ധനയെ ടീമില്‍ എത്തിക്കാനാണ് ഉടമകളുടെ ശ്രമം. ബ്രാഡ് ഹോജ്, മിച്ചല്‍ ജോണ്‍സണ്‍, പീറ്റര്‍ സിഡില്‍, ഉസ്മാന്‍ കവാജ, ലൂക്ക് റോഞ്ചി, സ്റീവന്‍ സ്മിത്ത് എന്നിവരുള്‍പ്പെടുന്ന 16 കളിക്കാരാണ് ഓസ്ട്രേലിയയില്‍ നിന്ന് അഞ്ചാം സീസണല്‍ ലേലത്തിലെത്തുക.
ഇംഗ്ളണ്ടില്‍ നിന്ന് 13 താരങ്ങളെ ലേലത്തില്‍ വയ്ക്കും. ജയിംസ് ആന്‍ഡേഴ്സണ്‍, ഇയാന്‍ ബെല്‍, ഓവൈ ഷാ, രവി ബൊപ്പാര, ഗ്രെയിം സ്വാന്‍, ക്രിസ് ട്രംലെറ്റ് എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 19 താരങ്ങളും ന്യൂസിലന്‍ഡില്‍ നിന്ന് 10 പേരുമാണ് ലേല പട്ടികയിലുള്ളത്. ശ്രീലങ്കയില്‍ നിന്ന് 18, വെസ്റിന്‍ഡീസില്‍ നിന്ന് 16, സിംബാബ്വെയില്‍ നിന്ന് ഏഴ് കളിക്കാരും ലേലത്തിനു വയ്ക്കപ്പെടും. ബംഗ്ളാദേശില്‍ നിന്ന് തമിം ഇഖ്ബാലും ഹോളണ്ടില്‍ നിന്ന് ടോം കൂപ്പറും അയര്‍ലന്‍ഡില്‍ നിന്ന് കെവിന്‍ ഒബ്രെയിന്‍, നീല്‍ ഒബ്രെയിന്‍ എന്നിവരും ലേലത്തിനുള്ള കളിക്കാരില്‍ ഉള്‍പ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല