സ്വന്തം ലേഖകന്‍: മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ ക്രിക്കറ്റിലെ എട്ടാം സീസണ്‍ കിരീടം. ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ജേതാക്കളായത്. മുംബൈയുടെ രണ്ടാം ഐപിഎല്‍ കിരീടമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ചെന്നൈയുടെ മറുപടി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മോണ്‍സ് (68), ക്യാപ്ടന്‍ രോഹിത് ശര്‍മ്മ (50) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളും കെയ്‌റോണ്‍ പൊള്ളാഡ് (36), അമ്പാട്ടി റായ്ഡു (36 നോട്ടൗട്ട്) എന്നിവരുടെ പ്രകടനവുമാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍ നല്‍കിയത്.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്രസിംഗ് ധോണി മുംബയ്‌യെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ മുംബൈക്ക് വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും സിമ്മോണ്‍സും ചേര്‍ന്ന് മുംബൈയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.
മറുപടിക്കിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുടക്കം മോശമായിരുന്നു. ഒമ്പത് പന്തില്‍ 4 റണ്‍ മാത്രം നേടിയ മൈക്കല്‍ ഹസിയെ അഞ്ചാം ഓവറില്‍ മക്ലെനാഗന്‍ പുറത്താക്കുമ്പോള്‍ അവര്‍ 22 റണ്‍സെടുത്തിട്ടേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് റെയ്‌നയും (28) സ്മിത്തും (57) ചേര്‍ന്ന് പൊരുതി നോക്കിയെങ്കിലും മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ ലക്ഷ്യം മറികടക്കാന്‍ ആവശ്യമായ റണ്‍ റേറ്റ് നിലനിറുത്താന്‍ കഴിഞ്ഞില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല