ഐപിഎല്‍ അഞ്ചാം സീസണിന്‍റെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെ മുംബൈ ഇന്ത്യന്‍സ് എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി. വിജയലക്ഷ്യമായ 113 റണ്‍സ് 16.5 ഓവറില്‍ മുംബൈ മറികടന്നു. ഓപ്പണര്‍ റിച്ചാര്‍ഡ് ലെവി (35 പന്തില്‍ 50) ടോപ് സ്കോറര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 16 റണ്‍സെടുത്ത് പരുക്കേറ്റു മടങ്ങി.
ചെന്നൈ സൂപ്പര്‍ കിങ്സ് 112 റണ്‍സിന് ഓള്‍ ഔട്ട്. ടോസ് ലഭിച്ച മുംബൈ ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ്ങിന്‍റെ ഫീല്‍ഡ് ചെയ്യാനുള്ള തീരുമാനം പൂര്‍ണമായി ശരിവയ്ക്കുന്ന പ്രകടനമാണ് അവരുടെ ബൗളര്‍മാര്‍ കാഴ്ചവച്ചത്. 36 റണ്‍സ് നേടിയ സുരേഷ് റെയ്ന ചെന്നൈ ടോപ് സ്കോറര്‍.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് മലിംഗയും പ്രജ്ഞാന്‍ ഓജയും കിരണ്‍ പൊള്ളാര്‍ഡും മുംബൈയ്ക്കായി തിളങ്ങി. 3.5 ഓവറില്‍ മലിംഗ 16 റണ്‍സ് മാത്രം വിട്ടുനല്‍കിയപ്പോള്‍ 4 ഓവറുകള്‍ വീതം പൂര്‍ത്തിയാക്കിയ ഓജ 17ഉം പൊള്ളാര്‍ഡ് 15 റണ്‍സുമേ വഴങ്ങിയുള്ളൂ. 26 പന്ത് നേരിട്ട റെയ്ന രണ്ട് ബൗണ്ടറികളും ഒരു സിക്സും നേടി. അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ഒരു ഘട്ടത്തിലും ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ക്ക് മേല്‍ക്കൈ നേടാന്‍ അവസരമൊരുക്കിയില്ല.
മൈക് ഹസിയുടെ അഭാവത്തില്‍ ബാറ്റിങ് ഓപ്പണ്‍ ചെയ്ത ഫാഫ് ഡു പ്ലെസിസാണ് (3) ആ ദ്യം പുറത്തായത്. അതിശയകരമായ ഫീല്‍ഡിങ്ങിലൂടെ റണ്ണൗട്ടാക്കിയത് അമ്പാടി റായുഡു. ഫോമിലേക്കുയരാന്‍ ബുദ്ധിമുട്ടിയ എം. വിജയ് (10) റെയ്നയ്ക്കൊപ്പം ഇന്നിങ്സ് കെട്ടിയുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജയിംസ് ഫ്രാങ്ക്ളിന്‍റെ പന്തില്‍ പുറത്ത്. സ്കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് നില്‍ക്കുമ്പോഴായിരുന്നു ഇത്.
ഇതോടെ ചുമതല റെയ്നയുടെയും ഡ്വെയ്ന്‍ ബ്രാവോയുടെയും ചുമലില്‍. ഇരുവരും ചേര്‍ന്ന് മെല്ലെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചതോടെ ചെന്നൈ തകര്‍ച്ചയില്‍ നിന്ന് കരകയറുമെന്ന തോന്നല്‍. എന്നാല്‍, ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കിയ ഓജ മുംബൈയെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നു. പിന്നീട് മുംബൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ പൂര്‍ണമായി കീഴടങ്ങുകയായിരുന്നു ചെന്നൈ. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും (4) ആര്‍. അശ്വിനും (3) റണ്ണൗട്ടായതും ചാംപ്യന്‍മാര്‍ക്ക് തിരിച്ചടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല