ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ ഐപിഎല്‍ കോഴക്കേസില്‍ നാളെ വിധി. ഡല്‍ഹി കോടതിയാണ് ഏറെ തവണ മാറ്റിവെച്ചശേഷം നാളെ വിധി പറയുന്നത്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതികളായ കേസാണിത്. പ്രതികള്‍ക്ക് മേല്‍ മക്കോക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്നത് നിലനില്‍ക്കുമോയെന്നതും നാളെ വിധി പ്രസ്താവത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ കോഴക്കേസില്‍ കുടുങ്ങിയതിനാല്‍ നിലവില്‍ ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
2013 മെയ് 16 നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2013 മെയ് ഒമ്പതിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരത്തിന് കോഴ വാങ്ങി ഒത്തുകളിച്ചെന്നാണ് കേസ്.
ഐ.പി.എല്‍ കോഴ കേസില്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിരോധന നിയമമായ മക്കോക്ക ചുമത്തിയത് നിലനില്‍ക്കില്ലെന്നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം. ഒത്തുകളികേസില്‍ മക്കോക്ക ചുമത്തണോ വേണ്ടയോ എന്ന കോടതിയുടെ തീര്‍പ്പായിരിക്കും കേസിന്റെ ഗതി നിര്‍ണ്ണയിക്കുക. ഒത്തുകളിക്കു പിന്നില്‍ അധോലോക സംഘാംഗം ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട സംഘമാണെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കുമേല്‍ മക്കോക്ക പ്രകാരം കേസെടുത്തത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, സഹായി ഛോട്ടാ ഷക്കീല്‍, ക്രിക്കറ്റ് താരങ്ങളായ അങ്കിത് ചവാന്‍, അജിത് ചന്ദില അടക്കം 42 പേരാണ് കേസിലെ പ്രതികള്‍.
കേസില്‍ കുറ്റവിമുക്തനാക്കപ്പെടുമെന്നും ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം വീണ്ടും ചേരാന്‍ സാധിക്കുമെന്നാണ് ശ്രീശാന്ത് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ശ്രീശാന്ത് അവസാനം മാധ്യമങ്ങളെ കണ്ടപ്പോഴും ഈ ശുഭപ്രതീക്ഷ തന്നെയാണ് പങ്കുവെച്ചത്. ചാനലുകളിലെ റിയാലിറ്റി ഷോകളും, ബോളിവുഡ് സിനിമാ അഭിനയവുമൊക്കെയായി സമയം ചെലവഴിക്കുന്ന ശ്രീശാന്തിന് കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ഒരു പക്ഷെ ഇന്ത്യന്‍ ടീമില്‍ മടങ്ങി എത്താന്‍ സാധിച്ചേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല