1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2024

സ്വന്തം ലേഖകൻ: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പ്രാഥമിക നടപടികൾക്ക് അടുത്തയാഴ്ച തുടക്കമായേക്കും. 170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് ഗൾഫ് മാധ്യമമായ സോയ റിപ്പോർട്ട് ചെയ്തു. കമ്പനിക്ക് ഏകദേശം 650 കോടി ഡോളർ മുതൽ 700 കോടി ഡോളർ വരെ (54,600 കോടി രൂപ മുതൽ 58,800 കോടി രൂപവരെ) മൂല്യം വിലയിരുത്തിയാകും ഐപിഒ. അതേസമയം, ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഐപിഒയ്ക്ക് മുന്നോടിയായുള്ള റോഡ് ഷോ (നിക്ഷേപക സംഗമങ്ങൾ) ഒക്ടോബർ 21ഓടെ ലുലു ഗ്രൂപ്പ് ആരംഭിച്ചേക്കും. ഈ മാസം അവസാനത്തോടെ ഐപിഒ പ്രതീക്ഷിക്കാം. നവംബർ മധ്യത്തോടെ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാകും (എഡിഎക്സ്/ADX) ലുലു ഗ്രൂപ്പ് ഓഹരികളുടെ ലിസ്റ്റിങ്. യുഎഇയും മറ്റ് ഗൾഫ് ഗൾഫ് രാഷ്ട്രങ്ങളും ഉത്തര ആഫ്രിക്കൻ രാജ്യങ്ങളും ഉൾക്കൊള്ളുന്ന ജിസിസി-നോർത്ത് ആഫ്രിക്കൻ മേഖലയിലെ (MENA) ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒയായിരിക്കും ലുലുവിന്റേത് എന്നാണ് വിയിരുത്തലുകൾ.

അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലും സൗദി അറേബ്യയിലെ ഓഹരി വിപണിയായ തദാവൂളിലുമായി (Tadawul) ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിലവിൽ തൽകാലം എഡിഎക്സ് മാത്രമാണ് പരിഗണനയിലുള്ളതെന്നും സൂചനകളുണ്ട്. ഐപിഒയുടെ നടപടിക്രമങ്ങൾ നിർവഹിക്കാനായി എമിറേറ്റ്സ് എൻബിഡി കാപ്പിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്സ്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ് എന്നിവയെ ലുലു ഗ്രൂപ്പ് നിയമിച്ചിട്ടുണ്ടെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

25 ശതമാനം ഓഹരികളായിരിക്കും ഐപിഒയിലൂടെ ലുലു ഗ്രൂപ്പ് വിറ്റഴിച്ചേക്കുക. ഓഹരികളുടെ ഐപിഒ വിലയും ജീവനക്കാർക്കായി നീക്കിവയ്ക്കുന്ന ഓഹരികളെക്കുറിച്ചും ലുലു ഗ്രൂപ്പ് അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ൽ അധികം ഹൈപ്പർമാർക്കറ്റുകളും 20ൽ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.