സ്വന്തം ലേഖകൻ: സൗദിയിലെ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് വീസ ലഭിക്കണമെങ്കില്‍ ഇഖാമയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) അറിയിച്ചു.
ഇനി തൊഴിലാളിയുടെ ഇഖാമയുടെ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍, തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് വീസ ലഭിക്കണമെങ്കില്‍ തൊഴിലുടമയും കുടുംബനാഥനും ഇഖാമ പുതുക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ തന്നെ പ്രവാസികള്‍ക്ക് അവരുടെ എക്സിറ്റ്, റിട്ടേണ്‍ വീസകള്‍ (സിംഗിള്‍ / മള്‍ട്ടിപ്പിള്‍) നീട്ടാന്‍ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
പ്രവാസിയുടെ ഐഡിയുടെ കാലാവധി 30 ദിവസത്തില്‍ കൂടുതലും 60 ദിവസത്തില്‍ കുറവുമാണെങ്കില്‍, ഫൈനല്‍ എക്സിറ്റ് വീസ ലഭിക്കുമെങ്കിലും വീസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന സാധുത കാലയളവിലേക്ക് മാത്രമായിരിക്കും. ഇഖാമയുടെ കാലാവധി 60 ദിവസമോ അതില്‍ കൂടുതലോ ആണെങ്കില്‍, 60 ദിവസത്തെ കാലാവധിയുള്ള ഫൈനല്‍ എക്സിറ്റ് വീസ നല്‍കുമെന്നും ജവാസാത്ത് അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പ്ലാറ്റ്‌ഫോമായ അബ്ഷിര്‍, അബ്ഷിര്‍ ബിസിനസ് വഴിയും മുഖീം പോര്‍ട്ടല്‍ വഴിയും തൊഴിലുടമയ്ക്കും കുടുംബനാഥനും അവരുടെ തൊഴിലാളികള്‍ക്കും അവരുടെ തൊഴിലാളികളുടെ ആശ്രിത കുടുംബാംഗങ്ങള്‍ക്കും ഫൈനല്‍ എക്സിറ്റ് വീസ നല്‍കാമെന്നും ഈ ഇലക്ട്രോണിക് സേവനം സൗജന്യമാണെന്നും യാതൊരു ഫീസും നല്‍കാതെ തന്നെ ഇതിന്റെ പ്രയോജനം നേടാമെന്നും ജവാസത്ത് ചൂണ്ടിക്കാട്ടി.
അതിനിടെ, സൗദി അറേബ്യക്ക് പുറത്തായിരിക്കുമ്പോള്‍ തന്നെ പ്രവാസികള്‍ക്ക് അവരുടെയും വീസ നീട്ടാനും ആശ്രിതരുടെ താമസാനുമതി പുതുക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവാസകള്‍ക്ക് ഏറെ പ്രയോജനകരമാവുന്ന തീരുമാനമാണിത്. രാജ്യത്തിന് പുറത്തുള്ള പ്രവാസി ആശ്രിതരുടെയും വീട്ടുജോലിക്കാരുടെയും താമസാനുമതി പെര്‍മിറ്റുകള്‍ പുതുക്കാനും ഇനി മുതല്‍ കഴിയുമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്സിനെ ഉദ്ധരിച്ച് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ തന്നെ പ്രവാസികള്‍ക്ക് അവരുടെ എക്സിറ്റ്, റിട്ടേണ്‍ വീസകള്‍ (സിംഗിള്‍ / മള്‍ട്ടിപ്പിള്‍) നീട്ടാന്‍ കഴിയും. നിശ്ചിത ഫീസ് അടച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള പ്ലാറ്റ്‌ഫോമായ അബ്ഷിര്‍ വഴിയും മുഖീം പോര്‍ട്ടല്‍ വഴിയും ഗുണഭോക്താക്കള്‍ക്ക് ഈ വീസ പുതുക്കല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല