സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം എടുത്തുകളയുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് ഇഖാമ നിയമ ലംഘകര്‍ക്കായുള്ള വേട്ട കര്‍ശനമാക്കുന്നു. റെയ്ഡുകള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു പ്രവര്‍ത്തിക്കുന്ന പൊതു സുരക്ഷാ വിഭാഗം തയ്യാറെടുക്കുന്നതായാണ് സൂചന.
24,60,000 വിദേശികള്‍ക്കാണ് നിലവില്‍ കുവൈത്തില്‍ താമസാനുമതി ഉള്ളത്. എന്നാല്‍ 1,05,000 ഇഖാമ നിയമ ലംഘകരായ വിദേശികള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് എകദേശ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്, 20,000 പേര്‍. ബംഗ്ലാദേശ് 19,000, ശ്രീലങ്ക 14,000, ഇത്യോപ്യ 10,000, ഫിലിപ്പീന്‍സ് 8,000, ഈജിപ്ത് 7,000, സിറിയ 6,000, ഇന്തോനേഷ്യ 5,000, നേപ്പാള്‍ 4,000, പാകിസ്താന്‍ 3,000 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ നില.
വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേയും സഹകരണത്തോടെ നടക്കുന്ന റെയ്ഡുകളില്‍ വര്‍ഷങ്ങളായി അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമ ലംഘകര്‍ പാര്‍ക്കുന്ന ഓരോ മുക്കും മൂലയും അരിച്ചു പെറുക്കും. ഇത്തരക്കാരുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ പലപ്പോഴായി അനുവദിച്ച പൊതുമാപ്പില്‍ നിന്നും വ്യാപകമായ പരിശോധനകളില്‍ നിന്നുമെല്ലാം വഴുതിമാറി കഴിയുകയാണ് കുടിയേറ്റക്കാരില്‍ പലരും.
ഗാര്‍ഹിക ആവശ്യത്തിനുള്ള ഖാദീം വിസയിലെത്തി വീടു വിട്ട് ഒളിച്ചോടിയും സ്‌പോണ്‍സറുടെ മൗനാനുവാദത്തോടെ മറ്റു ജോലികളില്‍ ഏര്‍പ്പെട്ടും നിയമ ലംഘകരായി മാറുന്നവരാണ് കൂടുതല്‍. സന്ദര്‍ശക വിസയിലും ആശ്രിത വിസയിലുമെത്തി കാലാവധി കഴിഞ്ഞിട്ടും മടങ്ങാതെ അനധികൃത താമസക്കാരായി മാറുന്നവരുമുണ്ട്.
2013 ല്‍ നടന്ന അനധികൃത താമസക്കാര്‍ക്കു വേണ്ടിയുള്ള വ്യാപക പരിശോധനകള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല