അണ്വായുധ നിര്‍മാണ പരിപാടിയുടെ പേരില്‍ ഉപരോധം നേരിടുന്ന ഇറാന്, യൂറോപ്പിലേയ്ക്കുള്ള എണ്ണ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റ് വിഷയം ചര്‍ച്ച ചെയ്തു ഉടന്‍ തീരുമാനമെടുക്കുമെന്ന് എംപി നസീര്‍ സൌദാനി വെളിപ്പെടുത്തി. ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്കിന്റെ യൂറോപ്പിലെ ആസ്തികള്‍ മരവിപ്പിക്കാനും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവയ്ക്കാനും കഴിഞ്ഞിദിവസം യൂറോപ്യന്‍ യൂണിയന് തീരുമാനിച്ചിരുന്നു.
ഇറാനെതിരെ എണ്ണ ഉപരോധനത്തിനു യൂറോപ്യന്‍ യൂണിയന് തീരുമാനിച്ചെങ്കിലും ഇതു ജൂലൈ ഒന്നു മുതലാണ് പ്രബല്യത്തില്‍ വരികയുള്ളു. എന്നാല്‍ ഇതിനു മുമ്പ് തന്നെ എണ്ണ കയറ്റുമതി നിര്‍ത്തിവച്ച് യൂറോപ്യന്‍ യൂണിയനു തിരിച്ചടി നല്‍കാനാണ് ഇറാന് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുത്തു കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയനിലെ ഒരു രാജ്യത്തിനും ഇറാനില്‍ നിന്നു ഒരു തുള്ളി ഇന്ധനം പോലും ലഭിക്കില്ലെന്ന് സൌദാനി പറഞ്ഞു.
എണ്ണ ഉപരോധം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ധനവില മൂന്നിരട്ടിയാക്കുമെന്നും സൌദാനി കൂട്ടിച്ചേര്‍ത്തു. ഹോര്‍മൂസ് കടലിടുക്ക് അടച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണക്കയറ്റുമതി തടസപ്പെടുത്തുമെന്നും ഇറാന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതേസമയം ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ തടയാന്‍ ഏതറ്റം വരെയും പോകുമെന്നു യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തു നികുതി പരിഷ്കരണത്തിനു പ്രധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ സ്റ്റേറ്റ് ഒഫ് യൂണിയന് പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ സമാധാനപരമായ പ്രശ്ന പരിഹാരത്തിന് ഇറാന് ഇപ്പോഴും അവസരമുണ്ട്. മധ്യ പൗരസ്ത്യ മേഖലയില്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ തുടരും. താലിബാന് ഭീഷണി അവസാനിച്ചു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു രാജ്യം കരകയറി. സമ്പന്നര്‍ക്കു കൂടുതല്‍ നികുതിയടക്കമുള്ള പരിഷ്കാരങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്. 2005നു ശേഷം കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി.
എന്നാല്‍, നയതന്ത്രമാര്‍ഗത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹമെന്ന് ചൊവ്വാഴ്ച സ്റേറ്റ് ഓഫ് ദ യൂണിയന് പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇറാന് അന്തര്‍ദേശീയ സമൂഹത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. നിലപാടു തിരുത്തിയാല്‍ അവര്‍ക്കു വീണ്ടും അന്തര്‍ദേശീയ കൂട്ടായ്മയില്‍ ഇടംപിടിക്കാം. ഇറാനെതിരേയുള്ള ഉപരോധം തുടരുമെന്നും ഒബാമ വ്യക്തമാക്കി. യുഎസിലെ യഹൂദ വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യവും ഒബാമയ്ക്കുണ്െടന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല