സ്വന്തം ലേഖകന്‍: പുതുതലമുറ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇറാന്‍. ഹ്രസ്വ ദൂര ഫത്തോ മോബിന്‍ മിസൈലാണ് പരീക്ഷിച്ചത്. ഇറാന്‍ പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ ഹട്ടാമിയാണ് തിങ്കളാഴ്ച മിസൈല്‍ പരീക്ഷിച്ച വിവരം പുറത്തുവിട്ടത്.
ഇറാന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണ് പുതിയ മിസൈലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.ഫത്തോ മോബിന്‍ മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് സ്റ്റേറ്റ് ടിവി അറിയിച്ചു. അതേസമയം അമേരിക്കയെ ഒറ്റപ്പെടുത്തുക എന്ന നയമാണ് ഇറാന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ളവരുടെ പിന്തുണ ഇറാനുണ്ട്.
ഇതോടെ ഡൊണാള്‍ഡ് ട്രംപിന്റെ ഇറാനെ ഒറ്റപ്പെടുത്തല്‍ നയത്തിനും തിരിച്ചടിയേറ്റു. യുഎസ് ഉപരോധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് അന്താരാഷ്ട്ര എണ്ണവിപണിയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ യു.എസുമായി യുദ്ധത്തിനോ സംഭാഷണത്തിനോ ഇല്ലെന്ന് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രഖ്യാപിച്ചു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പുതിയ ഉപരോധം മൂലമല്ല, ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റവും അഴിമതിയും വ്യാപക പ്രതിഷേധം സൃഷ്ടിച്ചതിനു പിറകെയാണ് ഖാംനഈയുടെ പ്രസ്താവന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല