ഇറാനിലെ ബ്രിട്ടീഷ് എംബസി പ്രക്ഷോഭകര്‍ പിടിച്ചെടുത്തു. എംബസിയിലെ ബ്രിട്ടീഷ് പതാക നീക്കി ഇറാന്‍റെ പതാക ഉയര്‍ത്തി. ആറ് എംബസി ഉദ്യോഗസ്ഥരെ ഇവര്‍ ബന്ദികളാക്കി. പിന്നീടു പൊലീസ് ഇടപെട്ട് ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. ഇറാനു മേല്‍ ബ്രിട്ടണ്‍ ഉപരോധമേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ചാണ് അക്രമം. വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തെ ബ്രിട്ടണു യുഎന്‍ സുരക്ഷാ കൗണ്‍സിലും അപലപിച്ചു.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു യുഎസ്, ക്യാനഡ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ആണവായുധം നിര്‍മിക്കാന്‍ ഇറാന്‍ യുറേനിയം സംപുഷ്ടീകരണം നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. സമാധാന ആവശ്യങ്ങള്‍ ലക്ഷ്യമിട്ടാണ് ആണവ പരിപാടികളെന്ന് ഇറാന്‍ വാദിക്കുന്നു.
79-ല്‍ ഇസ്‌ലാമികവിദ്യാര്‍ഥികള്‍ ടെഹ്‌റാനിലെ അമേരിക്കന്‍ എംബസി കൈയേറിയതിനെ അനുസ്മരിപ്പിച്ച സംഭവമാണ് ചൊവ്വാഴ്ച അരങ്ങേറിയത്. 52 നയതന്ത്രജ്ഞരെ 144 ദിവസം ബന്ദികളാക്കിയ ഈ സംഭവത്തെത്തുടര്‍ന്ന് ഇറാനുമായുള്ള നയതന്ത്രബന്ധം അമേരിക്ക വിച്ഛേദിച്ചിരുന്നു. ഇക്കാരണത്താല്‍ ഇറാനില്‍ ഇപ്പോള്‍ അമേരിക്കയ്ക്ക് എംബസിയില്ല.
വിവാദ ആണവപരിപാടിയുമായി ബന്ധപ്പെട്ട് ഇറാനെതിരെ കഴിഞ്ഞദിവസം ബ്രിട്ടന്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിക്കാന്‍ ചൊവ്വാഴ്ച നടന്ന പ്രകടനമാണ് അക്രമാസക്തമായത്. പ്രകടനക്കാര്‍ നയതന്ത്രാലയത്തിനുള്ളിലേക്ക് കടക്കുന്നത് പോലീസ് ആദ്യം നോക്കിനിന്നെന്നും പിന്നീട് രംഗത്തിറങ്ങി അരമണിക്കൂറിനകം സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്നും പാശ്ചാത്യറിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതിനിടെ, തലസ്ഥാനനഗരത്തില്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ പാര്‍ക്കുന്ന മേഖലയില്‍ മുന്നൂറോളം പ്രതിഷേധക്കാര്‍ കൈയേറ്റം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഇറാന്‍ ആണവായുധം വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായി വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) ഈ മാസാദ്യം വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങളും ഇറാനുംതമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. അമേരിക്കയും ബ്രിട്ടനുംമറ്റും ഉപരോധങ്ങള്‍ ശക്തിപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഇറാനുമായുള്ള സാമ്പത്തികബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കിയാല്‍ ടെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ പുറത്താക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പുകൊടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല