1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2024

സ്വന്തം ലേഖകൻ: യുദ്ധമുഖത്തെ നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും മാരകമായ പ്രഹരമേല്‍പ്പിക്കുമെന്നും ഇറാന് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേല്‍. കഴിഞ്ഞ ആഴ്ച ടെഹ്‌റനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ സൈനിക തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി മുന്നറിയിപ്പി നല്‍കിയിരിക്കുന്നത്. ഇനിയും ഇസ്രയേലിനുമേല്‍ ഒരു മിസൈല്‍ കൂടി തൊടുക്കാന്‍ തുനിഞ്ഞാല്‍ തങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് പ്രതികരിക്കും എന്നാണ് ഹെര്‍സി ഹവേലിയുടെ ഭീഷണി.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ വിവിധഭാഗങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായത്. ടെഹ്‌റാന്‍, ഇലാം, ഖുസെസ്താന്‍ എന്നീ പ്രവിശ്യകളിലെ വ്യോമതാവളങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് ഇറാന്റെ വ്യോമപ്രതിരോധ ആസ്ഥാനം പുറത്തിയറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നാലെ ഇറാന്റെ തന്ത്രപ്രധാനമായ മിസല്‍ നിര്‍മാണശാല ആക്രമിച്ചെന്നാണ് ഇസ്രയേല്‍ ആവകാശപ്പെട്ടത്.

2023 ഒക്ടോബര്‍ ഏഴുമുതല്‍ ഇറാനും അനുകൂല സായുധസംഘങ്ങളും ഏഴിടങ്ങളില്‍നിന്ന് നിരന്തരം ആക്രമിക്കുകയാണെന്നും സ്വയം രക്ഷിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിനിടെ, ഇറാന്‍ പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ളയ്ക്കെതിരെ പുതിയ ഭീഷണിയുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിമിന്റെ നിയമനം താത്കാലികമാണെന്നും അത് ഏറെക്കാലം നീണ്ടുനില്‍ക്കില്ലെന്നുമാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എക്സിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായി സായുധ സംഘത്തിന്റെ ഉപമേധാവി നയിം ഖാസിമിനെ നിയമിച്ചവിവരം ഹിസ്ബുള്ള കഴിഞ്ഞ ദിവസാണ് പുറത്തുവിട്ടത്.

ലെബനനിലെ ബയ്റുത്തില്‍ കഴിഞ്ഞമാസം നടത്തിയ വ്യോമാക്രമണത്തില്‍ നസ്രള്ളയെ ഇസ്രയേല്‍ വധിച്ചത് ഹിസ്ബുള്ളയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചിരുന്നു. താത്കാലിക നിയമനം, അധികകാലം നീണ്ടുനില്‍ക്കില്ല എക്സില്‍ ഖാസിന്റെ ചിത്രം പോസ്റ്റുചെയ്തുകൊണ്ട് ഇസ്രയേല്‍ പ്രതിരോധമന്ത്രി കുറിച്ചു. കണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് ഹീബ്രു ഭാഷയിലുള്ള മറ്റൊരുകുറിപ്പില്‍ ഗാലന്റ് പറയുന്നുണ്ട്.

ഹിസ്ബുള്ളയുടെ പരമോന്നതസമിതിയായ ഷൂറ കൗണ്‍സില്‍ ചൊവ്വാഴ്ചാണ് പുതിയ തലവനായി ഖാസിമിനെ തിരഞ്ഞെടുത്തത്. നസ്രള്ളയുടെ വധത്തിനുശേഷം ഹാഷിം സഫിദ്ദീനെയായിരുന്നു നേതൃസ്ഥാനത്തേക്കു പരിഗണിച്ചിരുന്നത്. എന്നാല്‍, സഫിദ്ദീനെയും ഇസ്രയേല്‍ വധിച്ചതോടെയാണ് ഖാസിമിന് നറുക്കുവീണത്. 1982-ല്‍ ഹിസ്ബുള്ള സ്ഥാപിച്ചവരിലൊരാളാണ് ഖാസിം. 1991 മുതല്‍ ഹിസ്ബുള്ളയുടെ രാഷ്ട്രീയവിഭാഗത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു.

അതേസമയം ഒരു മാസത്തോളമായി ഇസ്രയേലിന്റെ ശക്തമായ സൈനിക നടപടി തുടരുന്ന വടക്കന്‍ ഗാസയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ വ്യോമാക്രമണത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടു. നാല്പതോളംപേര്‍ അവശിഷ്ടങ്ങള്‍ക്കടിയിലാണ്. ബെയ്ത് ലഹിയ പട്ടണത്തില്‍ അഭയാര്‍ഥികള്‍ കഴിഞ്ഞിരുന്ന അഞ്ചുനിലക്കെട്ടിടത്തിനുനേരേയാണ് ആക്രമണമുണ്ടായത്. വടക്കന്‍ ഗാസയില്‍ പ്രവര്‍ത്തനക്ഷമമായ ഏക ആശുപത്രിയായ കമാല്‍ അദ്വാന്‍ ആക്രമണത്തില്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു.

സൈനിക നടപടി തുടങ്ങിയതില്‍പ്പിന്നെ വടക്കന്‍ഗാസയിലേക്ക് സഹായമെത്തിക്കാന്‍ ഇസ്രയേല്‍ സൈന്യം അനുവദിച്ചിട്ടില്ലെന്ന് സന്നദ്ധസംഘടനകള്‍ പറഞ്ഞു. മേഖലയില്‍ ഹമാസുകാര്‍ പുനഃസംഘടിച്ചെന്നാരോപിച്ചാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.