സ്വന്തം ലേഖകൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതായി സൂചന. ഇറാഖിൽ നിന്ന് അക്രമണം നടത്താനാണ് ഇറാൻ ആലോചിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നത്.
ഈ മാസം അഞ്ചാം തീയതിക്ക് മുമ്പ് ആക്രമണം നടത്താനാണ് ലക്ഷ്യം. ഇസ്രയേലിൻ്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാൻ ഉന്നം വയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. ദീർഘദൂര ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇറാൻ ഇതിനായി സജ്ജമാക്കുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേർക്കുള്ള ഇസ്രയേലിൻ്റെ തിരിച്ചടി ചെറുക്കാനാണ് ഇറാഖിനെ മറയാക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കൻ ഗാസയിലെ കമൽ അദ്വാൻ ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണമുണ്ടായി. ആശുപത്രികെട്ടിടം പൂർണമായും തകർന്നതോടെ മരുന്നുകളും മറ്റുമില്ലാതെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി.
ഇതിനിടയിൽ, തങ്ങൾ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചാൽ ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാറെന്ന ആഹ്വാനവുമായി ഹിസ്ബുള്ളയുടെ പുതിയ തലവൻ നയിം ഖാസിം രംഗത്തുവന്നിരുന്നു. ഹിസ്ബുള്ളയുടെ പ്രധാന ശക്തി കേന്ദ്രങ്ങളിലെല്ലാം ഇസ്രയേൽ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് നയിം ഖാസിമിന്റെ ഈ നീക്കം.
ഇസ്രയേൽ സുരക്ഷാ മന്ത്രാലയം ചർച്ചകൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടരുന്നതിനിടെ കൂടിയാണ് ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമുണ്ടാകുന്നത്. വെടി നിർത്തലിന് ഇസ്രയേലിനോട് യാചിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ നയിം ഖാസിയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല