1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2024

സ്വന്തം ലേഖകൻ: ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ. യുഎസിന്റെ മുന്നറിയിപ്പ് തള്ളിയാണ് ആക്രമണങ്ങൾക്ക് ആനുപാതികമായ മറുപടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചെയാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.

ഇതിനു മറുപടിയായി ഇറാൻ തിരിച്ചടിക്കാൻ തീരുമാനിച്ചാൽ സൈനികമായി ഇടപെടുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസിനെ അവഗണിക്കാൻ ഇറാൻ തീരുമാനിച്ചതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഇലാം, ഖുസെസ്ഥാൻ, ടെഹ്‌റാൻ എന്നീ പ്രവിശ്യകളിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നും പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ഇറാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ ഇറാനും അതിന്റെ നിഴൽ സംഘങ്ങളും മാസങ്ങളായി നടത്തി വരുന്ന ആക്രമണത്തിന് മറുപടിയായാണ് രാജ്യത്തെ സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ ഒന്നിന് ഇരുന്നൂറോളം മിസൈലുകളായിരുന്നു ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത്. ഹിസ്‌ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ ആരംഭിച്ചത്.

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങള്‍ നടത്തുന്നുവെന്നാണ് ഇസ്രയേല്‍ ഡിഫെൻസീവ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഐഡിഎഫ് പറയുന്നു .ഇറാനെതിരായ ഈ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ല എന്നാണ് യുഎസ് വിശദീകരണം.

ഇസ്രായേൽ പ്രതികരിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും അമേരിക്കൻ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുമെന്നായിരുന്നു ചില ലോകരാജ്യങ്ങളുടെ പ്രതീക്ഷ.ആക്രമണത്തോട് ഇറാൻ എങ്ങനെ പ്രതികരിക്കും എന്നത് വലിയ ആശങ്കയോടെയാണ് ഗൾഫ് – അറബ് രാജ്യങ്ങൾ അടക്കം കാണുന്നത്. സംഘർഷത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗൾഫ്-അറബ് രാജ്യങ്ങൾ നേരത്തെ തന്നെ ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.