അമേരിക്കയുടെ ആളില്ലാത്ത ചാരവിമാനം വെടിവച്ചിട്ടതായി ഇറാന്‍. സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ചൈനീസ് വാര്‍ത്താഏജന്‍സിയായ സിന്‍ഹ്വയും ബിബിസിയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആര്‍ക്യു170 ഇനത്തില്‍ പെട്ട ആളില്ലാ വിമാനം ഇപ്പോള്‍ ഇറാന്റെ കസ്റ്റഡിയിലാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ച പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ വെച്ച് നിയന്ത്രണം വിട്ട വിമാനമായിരിക്കാമിതെന്ന് നാറ്റോ സേന അറിയിച്ചു. അതേസമയം ഇതു വെടിവച്ചിട്ടതാണെന്ന ഇറാന്റെ വാദം അഗീകരിക്കാനാവില്ല. അധികപക്ഷവും ഇത് തകര്‍ന്നുവീണതാവാനാണ് സാധ്യത.
ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയും ഫാര്‍സ് ന്യൂസ് ഏജന്‍സിയും പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തി ലംഘിച്ച വിമാനത്തെ വ്യോമസേന താഴേക്കിറക്കുകയായിരുന്നു. ഇത്തരത്തിലുള്ള അതിര്‍ത്തി ലംഘനങ്ങള്‍ തുടര്‍ന്നാല്‍ അതിര്‍ത്തി നോക്കാതെ തന്നെ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനായി ശ്രമം നടത്തുന്നുണ്ടെന്ന അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന്് ഇസ്രായേലും അമേരിക്കയും യുദ്ധഭീഷണി മുഴക്കിയിരുന്നു. ബ്രിട്ടനടക്കമുള്ള പല പ്രമുഖ പടിഞ്ഞാറന്‍ രാജ്യങ്ങളും ഇറാനെതിരേ ശക്തമായ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല