1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2023

സ്വന്തം ലേഖകൻ: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നുള്ള വിമാനത്തിനുനേരെ ആക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ വിമാനത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഫെഡറല്‍ പോലീസിന് ഇ-മെയില്‍ ലഭിക്കുന്നത്.

തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വിമാനത്താവളത്തില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തുകയും ചെയ്തു. ഭീഷണിയെത്തുടര്‍ന്ന് 90 മിനിറ്റോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുടങ്ങി. ഇസ്രയേലിനെതിരായ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐ.ആര്‍.ജി.സി.) ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തന്നെ ഇസ്രയേലിനെതിരായ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ബഹുമുഖ ആക്രമണത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെയാണ് ഇറാനില്‍നിന്നുള്ള വിമാനം ആക്രമിക്കുമെന്ന ഭീഷണി സന്ദേശം ലഭിക്കുന്നത്.
സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഹാംബര്‍ഗ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പിന്നീട് പുനരാരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെ അധികൃതര്‍ ഇക്കാര്യം അറിയിച്ചു. എന്നാല്‍, ചില സര്‍വീസുകള്‍ വൈകിയേക്കാമെന്നും വെബ്‌സൈറ്റില്‍ പറയുന്നു. 198 യാത്രക്കാരും 16 ക്രൂ അംഗങ്ങളുമായി ടെഹ്റാനില്‍ നിന്നുള്ള വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.