ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധം അംഗീകരിക്കുന്നില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ഇന്ത്യ അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍ നിന്നുള്ള എണ്ണയ്ക്കുമേല്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
ചൈനയും ഇന്ത്യയുമാണ് ഇറാനില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ഇറാന്റെ ആണവപരിപാടിക്കെതിരെ ശക്തമായി രംഗത്തുള്ള അമേരിക്കന്‍ഭരണകൂടം ഇന്ത്യ, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളോട് എണ്ണ ഇറക്കുമതിയില്‍ ഇറാനെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം ഇന്ത്യ പാലിക്കുന്നുണ്ടെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരിക്ലിന്റണ്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അറിയിക്കുകയും ചെയ്തു.
ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ഇന്ത്യന്‍ സ്ഥാപനമായ മംഗലാപുരം എണ്ണ ശുദ്ധീകരണ ശാല എണ്ണ ഇറക്കുമതിയില്‍ 44 ശതമാനം കുറവു വരുത്താനാണ് പദ്ധതിയിടുന്നത്. ഇതോടെ 2012-13 വര്‍ഷം ഇറാനില്‍ നിന്ന് ഇവര്‍ വാങ്ങുന്ന എണ്ണയുടെ അളവ് പ്രതിദിനം 80,000 ബാരലായി കുറയും. മറ്റു പൊതുമേഖലാ എണ്ണ ശുദ്ധീകരണ ശാലകളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നിവ ഇറക്കുമതി 20 ശതമാനം കണ്ട് വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റു സ്ഥാപനങ്ങള്‍ കുറഞ്ഞത് പത്തു ശതമാനം കുറവു വരുത്തും.
അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം കാരണം ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത എണ്ണയുടെ വില സമയത്തിന് നല്‍കാന്‍ പോലും ഇന്ത്യക്കു കഴിയുന്നില്ല. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുമായി ബന്ധമുള്ള അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇറാനുമായി ഇടപാടു നടത്താന്‍ തയ്യാറാവുന്നില്ലെന്നതുകൊണ്ടാണിത്. ഇറാനില്‍ നിന്ന് എണ്ണ കൊണ്ടുവരാനുള്ള ശ്രമം ഇന്ത്യയുടെ പൊതുമേഖലാ ഷിപ്പിങ് കമ്പനിക്ക് കഴിഞ്ഞ മാസം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നുള്ള കപ്പലിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ യൂറോപ്പിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വിസമ്മതിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല