സ്വന്തം ലേഖകന്‍: ജിസിസി രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇ. ബഹ്‌റിനും യെമനുമടക്കം ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവര്‍ക്കു വേണ്ടിയുള്ള ഇറാന്റെ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ നയതന്ത്ര പ്രതിനിധികളും നേതാക്കളുമടങ്ങിയ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ആയത്തുള്ള അലി ഖാംനഇ. അറബ് ഏകാധിപതികള്‍ക്ക് കീഴില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് മേഖലയിലെ ഇറാന്റെ ഇടപെടല്‍ എന്ന്
ഖാംനഇയുടെ പ്രസ്താവനയില്‍ പറയുന്നു.
യെമനിലും ബഹ്‌റിനിലും പലസ്തീനിലും സാധാരണ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. ഇവര്‍ക്കായി ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ തുടരും. ക്യാമ്പ് ഡേവിഡില്‍ നടന്ന അമേരിക്കയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി മേഖലയിലെ ഇറാന്റെ ഇടപെടലിലും ഇറാന്‍ ആണവ കരാറിലും പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ആയത്തുള്ള അലി ഖാംനഇ രൂക്ഷമായ പ്രതികരണം.
ഉച്ചകോടിയില്‍ ജിസിസി രാജ്യങ്ങള്‍ ഇറാനെതിരെ യോജിച്ച മുന്നേറ്റത്തിന് ആഹ്വാനം ചെയ്തിരുന്നു. യെമനിലും ബഹ്‌റിനുലും ഇറാന്‍ പിന്തുണയുള്ള ശിയാ വിഭാഗക്കാര്‍ വര്‍ഷങ്ങളായി പ്രക്ഷോഭത്തിലാണ്. പലസ്തീനികളെക്കൂടി കൂട്ടത്തില്‍ പരാമര്‍ശിച്ചതിലൂടെ തന്ത്രപരമായ നീക്കമാണ് ഇറാന്‍ ആത്മീയ നേതാവ് നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല