1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2022

സ്വന്തം ലേഖകൻ: പ്രശസ്ത നടി തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിലായി. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി സെപ്റ്റംബർ 16ന് മരിച്ചതിനെ തുടർന്ന് ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അലിദോസ്തിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം എട്ടിന് പ്രക്ഷോഭകരെ പിന്തുണച്ച് അവർ ഇൻസ്റ്റാ​ഗ്രാമിൽ കുറിപ്പിട്ടിരുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. അലിദോസ്തിയെക്കൂടാതെ ഫുട്ബോൾ താരങ്ങൾ, നടീനടന്മാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ഇതാദ്യമായല്ല താരം ഇറാൻ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. നവംബർ ഒൻപതിന് മുഖാവരണം ഇല്ലാത്ത ചിത്രം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ രക്തച്ചൊരിച്ചിൽ കണ്ടിട്ടും അതിനെതിരെ ഒരു ചെറുവിരൽപോലും അനക്കാത്ത അന്താരാഷ്ട്ര സംഘടനകൾ മാനവികതയ്ക്കുതന്നെ അപമാനമാണെന്നും അവർ അന്ന് കുറിച്ചിരുന്നു.

പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി നടി അഭിനയം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയയായ അവർ ഇറാൻ സിനിമാലോകത്തെ മീ ടൂ പ്രസ്ഥാനവുമായും ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.

2016-ല്‍ പുറത്തിറങ്ങിയ ‘ദ സേയില്‍സ്മാന്‍’ എന്ന ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രത്തിലൂടെയാണ് അലിദോസ്തി ശ്രദ്ധേയയായത്. ഈ വര്‍ഷം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അലിദോസ്തിയുടെ ‘ലേയ്‌ല ബ്രദേഴ്‌സ്’ എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.