1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2024

സ്വന്തം ലേഖകൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശനിയാഴ്ച ഇസ്രയേൽ വ്യോമാക്രമണം നടത്തിയത് കൃത്യമായ പദ്ധതികളോടെ. നൂറോളം യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയെന്നോണമാണ് വ്യോമമാർഗമുള്ള ഇസ്രയേലിന്റെ ആക്രമണം. അതേസമയം ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

അഞ്ചാം തലമുറ എഫ്-35 അഡിർ ഫൈറ്റർ ജെറ്റുകൾ, എഫ്-15ഐ അറ്റാക്ക് ജെറ്റുകൾ, എഫ്-16ഐ ഡിഫൻസ് ജെറ്റുകൾ എന്നിവയാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 2000 കിലോമീറ്റർ പരിധിയിൽ ഈ ജെറ്റുകളെ ഒരുക്കിനിർത്തി. നൂറ് ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ആക്രമണം നടത്തിയത്. ആദ്യം ആക്രമിച്ചത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളേയാണ്. പിന്നീട് ഇറാന്റെ മിസൈൽ, ഡ്രോൺ സംവിധാനങ്ങൾക്കു നേരെയും ആക്രമണം നടത്തി. ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ജെറ്റുകളെ 25-മുതൽ 30 വരെയുള്ള ഗ്രൂപ്പുകളാക്കി നിർത്തിയായിരുന്നു ആക്രമണ പദ്ധതി. 10 ജെറ്റുകളെ മിസൈൽ ആക്രമണം നടത്താനായി മാത്രം നിയോഗിച്ചു. സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. എണ്ണ സംഭരണികളേയും ആണവ കേന്ദ്രങ്ങളേയും ആക്രമിക്കാതിരിക്കാൻ ഇസ്രയേൽ അതീവ ജാഗ്രത പുലർത്തി. ആക്രമണം കൂടുതൽ രൂക്ഷമാകാതിരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടതെന്നാണ് റിപ്പോർട്ടുകൾ. വ്യോമാക്രമണം പ്രതിരോധിച്ചെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് ഇറാൻറെ പ്രതികരണം.

നേരത്തേ ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രയേലിനുനേരെ 180-ലധികം മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപത്തടക്കം സ്ഫോടനമുണ്ടായി. ടെഹ്‌റാൻ, ഇലം, ഖുഴെസ്തകാൻ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണങ്ങളുണ്ടായി. ഇറാനിൽ പ്രത്യാക്രമണം നടത്താൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജൻസിന്റെ രഹസ്യരേഖകൾ ചോർന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉൾപ്പടെയാണ് പുറത്തുവന്നത്. ഇസ്രയേൽ ആകാശത്തുവച്ച് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പുനർവിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളിൽ പറയുന്നുണ്ട്.

ഹമാസ് മേധാവി ഇസ്മയിൽ ഹനിയയെ ടെഹ്‌റാനിൽ വച്ചും ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയെ ലെബനനിൽ വച്ചും വധിച്ചത്‌ ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് മറുപടിയായാണ് ഇറാൻ 181 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.