സ്വന്തം ലേഖകൻ: സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാൻ. വിഷയത്തിൽ ഇടപെടരുതെന്നു യുഎസിനോട് ഇറാൻ ആവശ്യപ്പെട്ടപ്പോൾ യുദ്ധത്തിനു തയാറാണെന്ന് ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല മുന്നറിയിപ്പു നൽകി.
‘നെതന്യാഹുവിന്റെ കെണിയിൽ വീഴരുതെന്നു യുഎസിന് ഇറാൻ മുന്നറിയിപ്പു നൽകി’ എന്ന് ഇറാനിയൻ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി എക്സിൽ വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ പരാമർശിച്ചാണു മുന്നറിയിപ്പ്. ഇതിനു മറുപടിയായി അമേരിക്കയുടെ ലക്ഷ്യങ്ങൾ ആക്രമിക്കരുതെന്ന് യുഎസ് മറുപടി നൽകിയതായും ജംഷിദി വ്യക്തമാക്കി. എന്നാൽ വാഷിങ്ടന് അയച്ചെന്ന് ഇറാൻ അവകാശപ്പെടുന്ന രേഖാമൂലമുള്ള സന്ദേശം സംബന്ധിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുഎസ് അതീവ ജാഗ്രതയിലാണെന്നും മേഖലയിലെ ഇസ്രായേലിന്റെയോ അല്ലെങ്കിൽ അമേരിക്കയുടെയോ ലക്ഷ്യങ്ങൾക്കെതിരെ ഇറാനിൽനിന്ന് ആക്രമണം നേരിടാൻ തയാറെടുക്കുകയാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെയന്നും സൈനികർക്കു നേരെയോ രഹസ്യന്വേഷണ വിഭാഗങ്ങൾക്കു നേരെയോ ആകാം ആക്രമണമെന്നുമാണു യുഎസ് കണക്കുകൂട്ടുന്നതെന്ന് എൻബിസി റിപ്പോർട്ട് ചെയ്തു.
ഡമാസ്കസിലെ മെസെ ജില്ലയിലുള്ള ഇറാൻ എംബസിക്കു നേരെയാണു തിങ്കളാഴ്ച ആക്രമണമുണ്ടായത്. എന്നാൽ ഇതു സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് ഇറാനെ യുഎസ് അറിയിച്ചെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യുഎസ് ഇത്തരത്തിൽ ആശയവിനിമയം നടത്തുന്നത് അസാധാരണമാണെന്നും അവർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലുള്ള യുഎസ് താവളങ്ങൾക്കും സേനകൾക്കും നേരെ ആക്രമണമുണ്ടാകുന്നതു തടയാനാണു യുഎസ് ശ്രമം.
ബദ്ധശത്രുവായ ഇസ്രയേലിന് ‘അടി’ നൽകുമെന്ന് ഇറാൻ പറയുമ്പോഴും ഇതു നേരിട്ടാണോ അതോ ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകളിലൂടെയാണോ എന്ന കാര്യം വ്യക്തമല്ല. സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരാണു കൊല്ലപ്പെട്ടത്. പ്രധാന എംബസി കെട്ടിടത്തോടു ചേർന്നുള്ള ഓഫിസ് സമുച്ചയം തകർന്നടിഞ്ഞു.
ഇറാൻ പിന്തുണയുള്ള ഹമാസ് ഗാസയിൽ നടത്തുന്ന തിരിച്ചടിക്കും ഇറാനിൽനിന്നുള്ള ഭീഷണിക്കും മറുപടിയാണ് ഈ ആക്രമണമെന്നാണു വിലയിരുത്തൽ. സഹേദിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു കരുതുന്നതായി ഇറാൻ പ്രതികരിച്ചു. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ സിറിയയിൽ മുൻപും ആക്രമണം നടത്തിയിരുന്നു. ഇറാനിൽനിന്നുള്ള ആയുധനീക്കം തടയാനാണ് ഇസ്രയേൽ ശ്രമമെന്നും വിലയിരുത്തലുണ്ട്.
പ്രത്യാക്രമണം പ്രതീക്ഷിക്കുന്ന ഇസ്രയേൽ കടുത്ത ജാഗ്രതയിലാണ്. യുദ്ധ സൈനികർക്കുള്ള അവധി റദ്ദാക്കുകയും റിസർവ് സൈനികരെ വിളിച്ചുവരുത്തുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ഇറാനിൽനിന്നുള്ള പ്രതികരണം തീർച്ചയായും വരുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല വെള്ളിയാഴ്ച പറഞ്ഞു. എന്നാൽ തന്റെ സംഘം ഇത്തരം തീരുമാനങ്ങളിൽ ഇടപെടില്ലെന്നും പക്ഷേ ഇസ്രയേലുമായുള്ള ഏത് യുദ്ധത്തിനും ഹിസ്ബുല്ല പൂർണമായും സജ്ജമാണെന്നും നസ്റല്ല പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല