സ്വന്തം ലേഖകൻ: സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ മുതിര്‍ന്ന ഉപദേശകനായ റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഇസ്രയേലിന്റെ ക്രിമിനല്‍ കുറ്റത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രതികരിച്ചു.
സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചുവരുന്ന ഇസ്രയേല്‍ പക്ഷേ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഡമാസ്‌കസിന് പ്രാന്തപ്രദേശത്ത് സെയ്‌നാബിയാ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് റാസി മൗസവി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
2020-ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ബാഗ്ദാദില്‍ കൊല്ലപ്പെട്ട, ക്വാഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൂട്ടാളിയായിരുന്നു റാസി മൗസവി. അടുത്ത ആഴ്ച സുലൈമാനി വധത്തിന്റെ നാലാം വാര്‍ഷികം ആചരിക്കാനിരിക്കെയാണ് റാസി മൗസവി കൊല്ലപ്പെടുന്നത്. 2020-നുശേഷം കൊല്ലപ്പെടുന്ന ക്വാഡ്‌സിന്റെ ഉന്നത നേതാവാണ് റാസി.
റാസി മൗസവിയെ ലക്ഷ്യമിട്ട് മൂന്ന് മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം അറിയിച്ചു. ആക്രമണമുണ്ടായ സ്ഥലത്ത് പുകയുയരുന്നതിന്റെ ദൃശ്യം പുറത്തുവിട്ടു. സിറിയയില്‍ തങ്ങളുടെ രണ്ടു സേനാംഗങ്ങള്‍ ഡിസംബര്‍ രണ്ടിന് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.
അതേസമയം, ഇറാഖില്‍ ഇറാന്‍ പിന്തുണയുള്ള സായുധസംഘങ്ങളുടെ ആക്രമണത്തില്‍ മൂന്ന് യുഎസ് പൗരന്മാര്‍ക്ക് പരിക്കേറ്റു. ഇതിലൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ യുഎസ് തിരിച്ചടി തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല