1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2024

സ്വന്തം ലേഖകൻ: തെക്കൻ ലെബനനിൽ ആളുകൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ച് ഇസ്രയേൽ പ്രതിരോധ സേന. ഐഡിഎഫിന്റെ അറബി ഭാഷാ വക്താവ് അവിചയ് അദ്രേയി ആണ് പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചത്. തെക്കൻ ലെബനനിലെ 25 ഓളം ഗ്രാമങ്ങളിൽ താമസിക്കുന്നവരോട് പ്രദേശം വിട്ടുപോകാനാണ് നിർദേശം.

ഹിസ്ബുള്ള അംഗങ്ങൾ, ഇൻസ്റ്റാളേഷനുകൾ അല്ലെങ്കിൽ ആയുധങ്ങൾ എന്നിവയ്ക്ക് സമീപമുള്ള എല്ലാവരുടെയും ജീവൻ അപകടത്തിലാണ്. ഗ്രാമവാസികളേ, നിങ്ങൾ നിങ്ങളുടെ വീടുകൾ ഒഴിഞ്ഞ് പോകണം. നിങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ഉചിതവും സുരക്ഷിതവുമായ സമയത്തെക്കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കും,”അഡ്രേ വ്യക്തമാക്കി. തെക്കൻ ലെബനൻ നഗരമായ സിഡോണിന് വടക്ക് സ്ഥിതി ചെയ്യുന്ന അവാലി നദിയുടെ വടക്കോട്ട് നീങ്ങാനാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.

അതേസമയം ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം ആരംഭിച്ചതിന് ശേഷം നടന്ന ഏറ്റവും തീവ്രമായ ആക്രമണമാണ് ബെയ്‌റൂട്ടിൽ കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം നേരിട്ടിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഹസൻ നസ്റുല്ലയുടെ മരണശേഷം ഹിസ്ബുല്ലയുടെ അടുത്ത നേതാവായി പരക്കെ കരുതപ്പെട്ടിരുന്ന ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങളുണ്ട്. ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ തലവനും നസ്റുല്ലയുടെ ബന്ധുവുമായിരുന്നു ഹാഷിം സഫീദ്ദീൻ. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ ഹമാസിൻ്റെ രണ്ട് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.

സെപ്തംബർ 23ന് ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 1,110-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടിൽ മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. 12 ലക്ഷം ആളുകൾ പ്രദേശത്ത് നിന്ന് പലായനം ചെയ്തതായും അധികൃതർ അറിയിച്ചു. അതേസമയം ഇറാൻ, ലെബനൻ, ഗാസ എന്നിവിടങ്ങളിൽ വൻ തോതിലുള്ള ആക്രമണത്തിന് ഇസ്രയേൽ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ഗാസയിലെ ഇസ്രയേലിന്റെ ശക്തമായ ആക്രമണം തുടരുകയാണ്. ശനിയാഴ്ച നടന്ന വിവിധ ആക്രമങ്ങളിൽ 26 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 7 ന് ശേഷമുള്ള ആകെ മരണസംഖ്യ 41,870 ആയി ഉയർന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.