സ്വന്തം ലേഖകൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. ആറ് പേർ മരിച്ചെന്ന് റിപ്പോർട്ട്. ബുധനാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്.
കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. പ്രദേശത്ത് മൂന്ന് മിസൈലുകൾ പതിക്കുകയും വലിയ സ്ഫോടനങ്ങൾ കേൾക്കുകയും ചെയ്തതായി ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറയുന്നു. വ്യോമാക്രമണത്തിൽ, ഒരു അമേരിക്കക്കാരനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്.
ലെബനനിൽ ബുധനാഴ്ച, ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ (22) ആണെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ, ക്യാപ്റ്റൻ ഹരേൽ എറ്റിംഗർ, ക്യാപ്റ്റൻ ഇറ്റായി ഏരിയൽ ഗിയറ്റ്, സർജന്റ് ഫസ്റ്റ് ക്ലാസ് നോം ബാർസിലേ, സർജന്റ് ഫസ്റ്റ് ക്ലാസ് ഓർ മന്റ്സൂർ,സർജന്റ് ഫസ്റ്റ് ക്ലാസ് നസാർ ഇറ്റ്കിൻ, സ്റ്റാഫ്. സെർജന്റ് അൽമ്കെൻ ടെറഫ്, സ്റ്റാഫ് സർജന്റ് ഇഡോ ബ്രോയർ എന്നിവരാണ് തെക്കൻ ലെബനനിലെ കരയുദ്ധത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം, വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തിൽ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ അറിയിച്ചു.
തെക്കൻ ലെബനനിൽ ഇസ്രായേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കൻ ലെബനനിൽ തങ്ങളുടെ പോരാളികൾ നിരവധി ഇസ്രായേലി സൈനികരെ കൊലപ്പെടുത്തുകയും പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് ഹിസ്ബുല്ല അറിയിച്ചിരിക്കുന്നത്.
ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ശക്തമായ മുന്നറിയിപ്പ് നൽകി ഇസ്രായേൽ. ഇറാൻ വലിയൊരു തെറ്റ് ചെയ്തെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മിസൈൽ ആക്രമണത്തോട് പ്രതികരിച്ചത്.
ഇറാന്റെ എണ്ണക്കിണറുകൾ, ആണവോർജ ശാലകൾ അടക്കമുള്ള ഊർജ ഉൽപ്പാദന കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ തിരിച്ചടിക്കും എന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ ഇസ്രയേലിലെ ടെല്‍ അവിവില്‍ ഡ്രോണ്‍ ആക്രമണം നടത്തി യമനിലെ ഹൂതി വിമതര്‍. വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഹൂതി വിമതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേലിനെതിരായ യുദ്ധത്തില്‍ പലസ്തീനിനും ലബനനും നല്കുന്ന പിന്തുണയുടെ ഭാഗമായാണ് തങ്ങള്‍ ടെല്‍ അവിവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല