സ്വന്തം ലേഖകൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. ഇറാനിലെ റെവലൂഷണറി ഗാർഡുമായി അടുത്തു നിൽക്കുന്ന തസ്നിം വാർത്ത ഏജൻസി സ്ഫോടനം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ സൈന്യത്തിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രമാണ് ഇസ്ഫഹൻ നഗരം.
ഇസ്രായേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കി ഇറാൻ. രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർനയാണ് ഇക്കാര്യം അറിയിച്ചത്.
സ്ഫോടന വാർത്തക്ക് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാൻ, ഇസ്ഫഹൻ, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയെന്ന് വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. അതേമസയം, ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസോ പെന്റഗണോ തയാറായില്ല.
ഇറാന്റെ ഡ്രോണാക്രമണത്തിന് ഇസ്രായേൽ മറുപടി നൽകിയെന്ന റിപ്പോർട്ടുകൾ മിഡിൽ ഈസ്റ്റിൽ സംഘർഷ സാധ്യത വർധിപ്പിക്കുമെന്നാണ് ആശങ്ക. നേരത്തെ സിറിയയിലെ എംബസി ആക്രമണത്തിന് മറുപടിയായാണ് ഇറാൻ ഇസ്രായേലിൽ ഡ്രോണാക്രമണം നടത്തിയത്.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. അതേസമയം, ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാൻ നിർദേശിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇറാൻ ആക്രമിച്ചാൽ ഇസ്രായേലിനെ പിന്തുണക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു യുഎസ് നിലപാട്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകാൻ ഇസ്രയേൽ തിരിഞ്ഞെടുത്തത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അൽ ഖമനയിയുടെ ജന്മദിനം. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ ഏതു നിമിഷവും തിരിച്ചടി നൽകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മധ്യപൂർവ ദേശത്ത് ഒരിക്കൽക്കൂടി യുദ്ധഭീതി ഉയർത്തിക്കൊണ്ടാണ് ഇസ്രയേലിന്റെ തിരിച്ചടി.
ഇസ്രയേലിൽ ആക്രമണത്തിന് ഇറാൻ ഉപയോഗിച്ച ഡ്രോണുകളുടെ എൻജിൻ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് യുഎസും യുകെയും ഉപരോധം ഏർപ്പെടുത്തി. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രയേൽ തയാറെടുപ്പു തുടരുന്നത് മധ്യപൂർവ ദേശത്ത് യുദ്ധഭീതി ശക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല