സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറുമായി ബന്ധമുള്ള കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് നിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപം ഇറാന്‍ നേവി കമാന്‍ഡോസ് ഹെലികോപ്റ്ററിൽ എത്തി കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് ലണ്ടനിലെ മാരിടൈം ട്രേഡ് ഓപ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്.
പോര്‍ച്ചുഗീസ് പതാകയുള്ള എംഎസ്‌സി എരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. സെപാ നേവി പ്രത്യേക ഓഫീസര്‍മാരാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കപ്പലിലെ രണ്ട് പേർ മലയാളികളാണെന്നാണ് സൂചന.
കമാന്‍ഡോകള്‍ കപ്പലിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് പുറത്ത് വിട്ടിട്ടുണ്ട്. ലണ്ടന്‍ കേന്ദ്രീകൃതമായ സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട് കിടക്കുന്ന കണ്ടെയ്‌നര്‍ കപ്പലാണ് എംഎസസി ഏരീസ്. കപ്പലിന്റെ അവസാന ലൊക്കേഷന്‍ ദുബായിലാണ് കാണിക്കുന്നത്.
യുകെഎംടിഒയും മറ്റ് ഏജന്‍സികളും നല്‍കിയ വിവരങ്ങള്‍ അറിയാമെന്നും സ്ഥിതി ഗതികള്‍ വിലയിരുത്തകയാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, കപ്പൽ ഇറാന്‍ സേന പിടിച്ചെടുത്ത റിപ്പോർട്ട് ഇസ്രയേലും ശരിവച്ചിട്ടുണ്ട്. കപ്പൽ റാഞ്ചിയതിനുള്ള പ്രത്യാഘാതം നേരിടേണ്ട വരുമെന്ന് ഇസ്രയേൽ സേന വക്താവ് വ്യക്തമാക്കി.
ഇസ്രയേലിന് നേരെയുള്ള ഇറാന്റെ ഭീഷണി ഉയര്‍ന്നതായി അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേലിനെതിരെയുള്ള ആക്രമണത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആവശ്യമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്ന് ഇറാന്റെ നാവിക സേനാ മേധാവി അലിറേസ ടാങ്‌സിരി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പശ്ചിമേഷ്യയില്‍ ഉയര്‍ന്നു വരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്‍ എയറോസ്‌പേസ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. ഈ മാസം തുടക്കത്തില്‍ സിറിയയിലെ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെയാണ് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്.
ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഇന്ന് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം ഇറാനിയന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ വേണ്ടി കൂടുതല്‍ ദൂരം സഞ്ചരിച്ചതായി ഫ്‌ളൈറ്റ്‌ട്രേഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ എയറോസ്‌പേസ് ഒഴിവാക്കാന്‍ വേണ്ടി ജര്‍മന്‍ വിമാനകമ്പനിയായ ലുഫ്താന്‍സയും ഓസ്‌ട്രേലിയന്‍ വിമാനകമ്പനിയായ ഖ്വാന്‍ടാസുമായാണ് എയര്‍ ഇന്ത്യ ചേര്‍ന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല