സ്വന്തം ലേഖകൻ: പലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് മേധാവിയുമായ ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ഉടൻ തന്നെ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ദിവസങ്ങൾക്കകം വലിയ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, പൗരൻമാർക്കുള്ള സുരക്ഷാ നിർദേശങ്ങളിൽ മാറ്റമില്ലെന്ന് സൈന്യം അറിയിച്ചു. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് തിരിച്ചടിക്കുള്ള നീക്കം ഇറാൻ ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ റിപ്പോർട്ട്.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന വെടിനിർത്തൽ-ബന്ദി മോചന ചർച്ചകൾക്ക് മുമ്പ് ഇറാൻ ആക്രമണം നടത്തുമെന്നാണ് ഇസ്രായേലിന്റെ നിലവിലെ വിലയിരുത്തലെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ആക്സിയോസ്’ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച് ഇറാനിൽ ഭിന്നാഭിപ്രായമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കടുത്ത പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പ്രസിഡൻറ് മസൂദ് പെസെഷ്കിയാൻ എന്നും, അതേസമയം ഏപ്രിൽ 13-14 തീയതികളിൽ നടത്തിയ മിസൈൽ ആക്രമണത്തേക്കാൾ കടുത്ത രീതിയിൽ ആക്രമിക്കണമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ തീരുമാനമെന്നും ഇതിൽ പറയുന്നു.
ഇന്നലെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിച്ചിരുന്നുവെന്നും ഇസ്രയേലിനെതിരെ വലിയ തോതിലുള്ള ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി ഇറാന്റെ സൈനിക നീക്കങ്ങൾ സൂചന നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ പിരിമുറുക്കം വർധിക്കുന്നതിനിടെ മിഡിൽ ഈസ്റ്റിലേക്ക് യു.എസ്.എസ് ജോർജിയ അന്തർവാഹിനിക്കപ്പൽ വിന്യസിക്കാൻ ഓസ്റ്റിൻ ഉത്തരവിട്ടിട്ടുണ്ട്.
“ഇസ്രായേലിനെ പ്രതിരോധിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അമേരിക്ക പ്രതിബദ്ധമാണെന്ന് ഓസ്റ്റിൻ ഗാലന്റിനോട് പറഞ്ഞു. മിഡിൽ ഈസ്റ്റിലുടനീളം യു.എസ് സൈനിക ശേഷി ശക്തിപ്പെടുത്തുകയും ചെയ്തു’ -പെൻറഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പ്രസ്താവനയിൽ പറഞ്ഞു.
ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ചാനൽ 13 റിപ്പോർട്ട് ചെയ്തു. പാരീസ് ഒളിമ്പിക്സ് സമാപിക്കുന്നത് വരെ വലിയ ആക്രമണം നടത്തരുതെന്ന ഫ്രഞ്ച് സമ്മർദമാണ് ഇറാൻ്റെയും ഹിസ്ബുല്ലയുടെയും പ്രതികരണം വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സിവിലിയൻമാർക്കുള്ള മുന്നറിയിപ്പിൽ മാറ്റമൊന്നുമില്ലെന്ന് ഞായറാഴ്ച വൈകുന്നേരം ഐ.ഡി.എഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ഇറാനും ഹിസ്ബുല്ലയും ആക്രമണം നടത്തിയാൽ ഇസ്രായേൽ ഇതുവരെ കാണാത്ത രീതിയിൽ തിരിച്ചടിക്കുമെന്ന് ടെൽ ഹാഷോമർ സൈനിക താവളത്തിൽ യോവ് ഗാലന്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല