1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2011

വധശിക്ഷ പല ലോക രാഷ്ട്രങ്ങളും ഒഴിവാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് യു എന്നില്‍ അവതരിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ലോക രാഷ്ട്രങ്ങളെ ഞെട്ടിക്കുമെന്നു ഉറപ്പാണ്. റിപ്പോര്‍ട്ട് പ്രകാരം നൂറ് കണക്കിന് ജയില്‍പ്പുള്ളികളെ ഇറാന്‍ രഹസ്യമായി വധശിക്ഷയ്ക്കു വിധേയരാക്കിയതായി വ്യക്തമാക്കുന്നുണ്ട്. തങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണീ റിപ്പോര്‍ട്ടെന്നാണ് ഇറാന്‍ പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്‍ അഹമ്മദ് ഷഹീദാണ് ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇന്ന് യു.എന്‍. ജനറല്‍ അസംബ്ലിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ട് എ.എഫ്.പി. വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. തങ്ങളുടെ ആണവ പദ്ധതികളെക്കുറിച്ചും സൗദി അംബാസഡറെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുസംബന്ധിച്ചുമുള്ള പാശ്ചാത്യ പ്രചാരണത്തിന്റെ തുടര്‍ച്ചയാണ് പുതിയ യു.എന്‍. റിപ്പോര്‍ട്ടെന്ന് ഇറാന്‍ വിദേശ്യകാര്യ വക്താവ് റമിന്‍ മെഹ്മാന്‍പരസ്ത് കുറ്റപ്പെടുത്തി.

ആഗസ്ത് ഒന്നിന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതനായി അധികാരമേറ്റ ഷഹീദ് ഇറാനിലെ വര്‍ധിക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു, സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നു, തടവുപുള്ളികളെ പീഡിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളും അതിലുണ്ട്.

കിഴക്കന്‍ ഇറാനിലെ വാകിലാബാദ് ജയിലിലാണ് രഹസ്യമായി വധശിക്ഷ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2011-ല്‍ 200 പേരെ തൂക്കിക്കൊന്നതായാണ് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് രാഷ്ട്രീയ തടവുകാരടക്കം 83 പേരുടെ വധശിക്ഷ നടപ്പാക്കിയത് ജനവരി മാസത്തിലാണ്. ഇതിനുപുറമെ രഹസ്യമായി 146 പേരുടെ വധശിക്ഷ നടപ്പാക്കി.

2010-ല്‍ വാകിലാബാദ് ജയിലില്‍ 300-ലധികം പേരുടെ വധശിക്ഷ രഹസ്യമായി നടപ്പാക്കിയിട്ടുണ്ടെന്നാണ് യു.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നത്. തടവുപുള്ളികളുടെ ബന്ധുക്കളെയോ അഭിഭാഷകരെയോ അറിയിക്കാതെയാണ് ജയിലധികൃതര്‍ ശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്കു വിധേയരായവരില്‍ നാലുശതമാനം പേര്‍ക്കെതിരെ പ്രത്യേക കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വധിക്കപ്പെട്ടവരില്‍ 100 പേര്‍ കുട്ടിക്കുറ്റവാളികളാണ്. നൂറിലേറെപ്പേരെ മയക്കുമരുന്നു കേസില്‍ വധിച്ചു.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കനുസരിച്ച് 2010-ല്‍ 388 പേരെയാണ് ഇറാനില്‍ വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കില്‍ വധശിക്ഷകളുടെ എണ്ണം 252 ആണ്. വധശിക്ഷയുടെ എണ്ണത്തില്‍ ചൈന മാത്രമാണ് ഇറാനു മുന്നില്‍ നില്‍ക്കുന്നത്. അതേസമയം ക്രമസമാധാനപാലനത്തിന് വധശിക്ഷ അനിവാര്യമാണെന്നും കോടതി നടപടികള്‍ക്ക് ശേഷം മാത്രമേ ഇവ നടപ്പാക്കാറുള്ളൂവെന്നും ഇറാന്‍ അധികൃതര്‍ പറയുന്നു. വധശിക്ഷകളെക്കുറിച്ച് യഥാര്‍ഥ വിവരങ്ങള്‍ നല്‍കാത്തതിന് യു.എന്‍. മനുഷ്യാവകാശ കമ്മിറ്റി അംഗം ക്രിസ്റ്റീന്‍ ചാനെറ്റ് ഇറാന്‍ അധികൃതരെ കുറ്റപ്പെടുത്തി. തന്നിരിക്കുന്ന വിവരങ്ങള്‍ ഭാഗികവും പക്ഷപാതപരവും ആണെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.