സ്വന്തം ലേഖകൻ: ഇറാനിലേക്ക് ആളുകളെ എത്തിച്ച് അവയവക്കടത്ത് നടത്തിയ സംഭവത്തില്‍ മുഖ്യ കണ്ണികളായി കേരളത്തില്‍ പ്രവര്‍ത്തിച്ചത് കൊച്ചി സ്വദേശി മധു എന്നയാള്‍ ഉള്‍പ്പെടുന്ന സംഘമെന്ന് സൂചന. ഇയാള്‍ ഉള്‍പ്പെടെ ഏതാനും പേരുകള്‍ പിടിയിലായ സാബിത്ത് പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല.
മധുവിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്ന് ആളുകളെയെത്തിച്ചതെന്ന് പോലീസ് സംശിക്കുന്നു. മധു ഉള്‍പ്പെട്ട സംഘത്തെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മധു പറഞ്ഞിട്ടാണ് പണം അക്കൗണ്ടു വഴി വാങ്ങിയതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ എടത്തല സ്വദേശി സജിത്തും പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സജിത്തിനെ അങ്കമാലി കോടതി ജൂണ്‍ 3-വരെ റിമാന്‍ഡ് ചെയ്തു.ഐ.പി.സി. 370,19 എ,ബി,സി,ഡി വകുപ്പ് പ്രകാരം മനുഷ്യകടത്ത്, അനധികൃതമായുള്ള അവയവദാനത്തിന് ഒത്താശചെയ്യല്‍, തുടങ്ങിയ വകുപ്പുകളാണ് സജിത്തിനെതിരേ ചുമത്തിയിട്ടുള്ളത്.
ഇയാളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. അതിനിടെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് നെടുമ്പാശ്ശേരി പോലീസ്. ഉടന്‍ ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും.
സജിത്തുമായി നിരന്തരം ഇടപാടുകള്‍ നടത്തിയ ഒരു കമ്പനിയും നിരീക്ഷണത്തിലാണ്. അവയവ കച്ചവടം നടത്തുന്ന പ്രധാനികള്‍ക്ക് കമ്പനിയുമായി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നുണ്ട്. കമ്പനിയുടെ ഇടപാടുകളെല്ലാം അന്വേഷണസംഘം പരിശോധിക്കുമെന്നാണറിയുന്നത്.
വൃക്ക തട്ടിപ്പിനിരയായ യുവതിയെ അവയവ മാഫിയയില്‍പ്പെട്ട ഇടനിലക്കാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരേ ബലാത്സംഗത്തിന് പനങ്ങാട് പോലീസ് കേസെടുത്തു. ഇടനിലക്കാരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പണം നല്‍കാതെ വഞ്ചിച്ചുവെന്നും പോലീസില്‍ പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി പൂച്ചായ്ക്കല്‍ തളിയാപറമ്പ് സ്വദേശിനിയായ യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം വൃക്ക വ്യാപാരവുമായി ബന്ധപ്പട്ടതാണെന്ന് വ്യക്തമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല