1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2024

സ്വന്തം ലേഖകൻ: അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തതോടെ അവയവക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സബിത്ത് നാസര്‍ മൂന്ന് വര്‍ഷത്തിനിടെ ഇരുന്നൂറിലധികം പേരെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചതായാണ് വിവരം. കാസര്‍കോട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ മലയാളികളെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. കൊച്ചിയില്‍ നിന്നും ഇതിനു വേണ്ടി ആളുകളെ കടത്തിയിരുന്നു.

ഇരകളെ കള്ളം പറഞ്ഞും പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം ചെയ്യുകയായിരുന്നു സംഘം. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ കേന്ദ്രമെന്നും സബിത്ത് മൊഴി നല്‍കിയിട്ടുണ്ട്. ഒരാളെ എത്തിക്കുമ്പോള്‍ പ്രതിക്ക് 60 ലക്ഷം രൂപ ലഭിക്കുമായിരുന്നു. ഇതില്‍ 10 ലക്ഷം രൂപ അവയവം നല്‍കിയ ആള്‍ക്ക് നല്‍കിയിരുന്നു.

വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും തയാറാക്കിയാണ് പ്രതി ആളുകളെ ഇറാനിലെത്തിച്ചത്. കേരളത്തില്‍ വ്യാജ ആധാര്‍ കാര്‍ഡുമായി എത്തിയിരുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും സബിത്ത് ഇറാനിലെത്തിച്ചിരുന്നു. അവയക്കടത്തിനായി കൊണ്ടു പോയവരില്‍ ചിലര്‍ ഇറാനില്‍ വെച്ച് മരണപ്പെട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

കേന്ദ്ര ഏജന്‍സികള്‍ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കൊച്ചി നെടുമ്പാശേരിയില്‍ വെച്ച് സബിത്തിനെ അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളില്‍ നിന്ന് അവയവക്കടത്തിനായി നിരവധി പേരെ സംഘം ഇറാനിലേക്ക് കൊണ്ടുപോയതായുള്ള വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന സബിത്തിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. കൊച്ചി സ്വദേശിയായ യുവാവിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബിത്ത് നാസറിനൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശിനിയെയും ചോദ്യം ചെയ്യുമെന്ന് അറിയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.