സ്വന്തം ലേഖകന്‍: മിസൈല്‍ പദ്ധതികളുമായി മുന്നോട്ടു തന്നെ, അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍. മിസൈല്‍ പദ്ധതികളുമായി രാജ്യം ഇനിയും മുന്നോട്ടുപോവുമെന്നും അമേരിക്കയുടെ ഉപരോധം മറികടക്കുമെന്നും ഇറാന്‍ അറിയിച്ചു. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ യു.എസ് കോണ്‍ഗ്രസ് ഈയിടെ പാസാക്കിയ പുതിയ ഉപരോധ ബില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.
”ഞങ്ങളുടെ മിസൈല്‍ പദ്ധതികളുമായി ഇനിയും മുന്നോട്ടുപോവും. അമേരിക്കയുടെ പുതിയ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ആണവകരാര്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമായിട്ടാണ് ഇതിനെ ഇറാന്‍ കാണുന്നത്. ഈ ഉപരോധത്തോടെ 2015ലെ അമേരിക്കയുള്‍പ്പെടെയുള്ള വന്‍ശക്തി രാജ്യങ്ങളുമായുള്ള കരാര്‍ ലംഘിക്കപ്പെടുകയാണ്,” ഇറാന്‍ വിദേശകാര്യ വക്താവ് ബഹ്‌റാം ഗാഷസ്മി അറിയിച്ചു. ഇറാന് പുറമെ റഷ്യ, ഉത്തര കൊറിയ എന്നിവര്‍ക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഇറാന്‍ വ്യാഴാഴ്ച സിമോര്‍ഗ് ബഹിരാകാശവാഹനം വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിലേക്കു നീങ്ങുമെന്നാരോപിച്ചാണു യുഎസ് ഉടന്‍ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ നടപടി യുഎന്‍ രക്ഷാസമിതിയുടെ പ്രമേയത്തിനു വിരുദ്ധമാണെന്നു യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍, വിക്ഷേപണം രക്ഷാസമിതിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമല്ലെന്നാണ് ഇറാന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല