സ്വന്തം ലേഖകന്‍: 17 ദിവസത്തെ ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷം ഇറാനും യുഎസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ ആണവ ശക്തികളുടെ വിദേശകാര്യ മന്ത്രിമാരും ചേര്‍ന്ന് ആണവക്കരാറിന്റെ അവസാന ധാരണയില്‍ എത്തി. യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഈ മാസം യുഎന്‍ രക്ഷാസമിതി പ്രമേയത്തിനു ശേഷമായിരിക്കും കരാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുക. കരാര്‍ പ്രകാരം ഇറാന്റെ ആണവപദ്ധതികള്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണത്തിനും വിധേയമാകും. യുഎന്‍ നിരീക്ഷകര്‍ക്ക് ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ പരിശോധിക്കാനും അനുമതിയുണ്ടാകും.
ഉപരോധം നീക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ നടപ്പില്‍ വരാന്‍ ഏതാനും മാസമെടുക്കും. ഇറാനെതിരെയുള്ള ആയുധ ഉപരോധം അഞ്ചുവര്‍ഷം കൂടിയും മിസൈല്‍ സാങ്കേതിക വിദ്യ വാങ്ങുന്നതിനുള്ള നിരോധനം എട്ടുവര്‍ഷം കൂടിയും തുടരും. കരാര്‍ ലംഘിച്ചാല്‍ 65 ദിവസത്തിനകം വീണ്ടും ഉപരോധം ഏര്‍പ്പെടുത്തും.
ഇറാന്റെ ആണവപദ്ധതിയെപ്പറ്റി 12 വര്‍ഷമായി തുടരുന്ന തര്‍ക്കം രമ്യമായി അവസാനിപ്പിക്കുന്ന കരാര്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെയും നയതന്ത്രവിജയമായിട്ടാണു വിലയിരുത്തപ്പെടുന്നതെങ്കിലും കരാറിനെതിരായ വിമര്‍ശനം ഇരു രാജ്യങ്ങളിലും ശക്തമാണ്. യുഎസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഇറാനില്‍ യാഥാസ്ഥിതികപക്ഷവും എതിര്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല