സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള ട്രംപിന്റെ പിന്മാറ്റം ഗുരുതരമായ അബദ്ധമെന്ന് ഒബാമ; കരാര്‍ നിലനില്‍ക്കുമെന്ന് ഫ്രാന്‍സ്; ട്രംപ് ഒറ്റപ്പെടുന്നു. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം വഴിപിഴച്ചതും ഗുരുതരമായ അബദ്ധവുമാണെന്ന് യു.എസ് മുന്‍ പ്രസിഡന്റും കരാറിന്റെ നിര്‍മാതാക്കളിലൊരാളുമായ ബറാക് ഒബാമ പറഞ്ഞു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുന്ന തീരുമാനമാണിത്. ഒരു ഇറാന്‍ പൗരന്‍പോലും കരാര്‍ ലംഘിക്കാത്ത സാഹചര്യത്തില്‍ പിന്‍വാങ്ങുന്നത് വലിയ തെറ്റാണെന്നും ട്രംപിന്റെ പ്രഖ്യാപനം വന്നയുടന്‍ ഒബാമ പ്രതികരിച്ചു. വരാനുള്ള പ്രതിസന്ധി തടുക്കുക പ്രയാസമായിരിക്കും. ആണവ കരാറില്‍ ഒപ്പുവെച്ചതോടെ നാം സുരക്ഷിതലോകത്തായിരുന്നു. അതിനു ശ്രമം നടത്തിയവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു.
നീതിക്കായി ഉറച്ച തീരുമാനമെടുക്കുകയും ആഗോളതലത്തില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതുമായ ഒരു നേതൃത്വത്തിനു മാത്രമേ നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. എല്ലാ അമേരിക്കക്കാരും അതിനുവേണ്ടി ശബ്ദമുയര്‍ത്തണം. ഉത്തര കൊറിയയുമായി സമാധാന ചര്‍ച്ച നടക്കാനിരിക്കയാണ്. മറ്റൊരു രാജ്യവുമായുണ്ടാക്കിയ കരാര്‍ പാലിക്കാതെ പിന്‍വാങ്ങുന്നത് ഉത്തര കൊറിയക്കു നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്നും ഒബാമ ചോദിച്ചു.
അതേസമയം ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് യു.എസ് പിന്മാറിയെന്നുവെച്ച് കരാര്‍ ഇല്ലാതാകില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യീവ്‌സ് ലെ ദ്‌രിയന്‍ പ്രതികരിച്ചു. യു.എസിന്റെ പിന്മാറ്റം മാത്രമാണ് അവിടെ നടന്നത്. മറ്റു രാജ്യങ്ങള്‍ ഇറാനൊപ്പമുണ്ടെന്നും ഫ്രഞ്ച് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഉറപ്പുനല്‍കി. യു.എസ് പിന്മാറിയ സാഹചര്യത്തില്‍ കരാര്‍ മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെങ്കില്‍ അത് സംരക്ഷിക്കുമെന്നും ഫ്രാന്‍സ് ഉറപ്പു നല്‍കി.
ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ സഖ്യരാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ചൈനയെയും റഷ്യയെയും ട്രംപിനെതിരെ ഒറ്റക്കെട്ടായി തിരിഞ്ഞതോടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങിയ ട്രംപ് ലോകത്തിനു മുന്നില്‍ ഒറ്റപ്പെട്ടു. നില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കാനും ആണവായുധങ്ങളുടെ പെരുകലിനും ഇടയാക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നാണ് പൊതുവെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല