ആണവ പ്രശ്നത്തില്‍ രക്ഷാസമിതി ഉപരോധം നേരിടുന്ന ഇറാന് തങ്ങളുടെ നിലപാടില്‍ അയവുവരുത്തിയേക്കുമെന്നു സൂചന. വെള്ളിയാഴ്ച ടര്‍ക്കിയിലെ ഈസ്റാംബൂളില്‍ അഞ്ചു വന്‍ശക്തികളും ജര്‍മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പുമായി നടത്തുന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന ഗ്രേഡിലുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ഉത്പാദനം കുറയ്ക്കാന്‍ ഇറാന് സമ്മതിച്ചേക്കും. ആത്യന്തികമായി ഉത്പാദനം വേണ്െടന്നു വയ്ക്കാനും തയാറായേക്കും. ഇതിനിടെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പട്രോളിംഗിനായി ആണവശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന യുഎസ്എസ് എന്റര്‍പ്രൈസ് എന്ന വിമാനവാഹിനിക്കപ്പല്‍ അമേരിക്ക അയച്ചു. ഏബ്രഹാം ലിങ്കണ് എന്ന വിമാനവാഹിനി നിലവില്‍ ഗള്‍ഫിലുണ്ട്.
സോമാലിയന്‍ കൊള്ളക്കാരെ നേരിടാനും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിനു സഹായം എത്തിക്കാനും ലക്ഷ്യമിട്ടാണ് രണ്ടാമതൊരു വിമാനവാഹിനി കൂടി അയച്ചതെന്ന് യുഎസ് നേവിയുടെ വക്താവ് പറഞ്ഞു. ഗള്‍ഫ് മേഖലയിലെ എണ്ണക്കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന ദൌത്യവുമുണ്ട്. ആണവ പ്രതിസന്ധി മൂര്‍ച്ഛിച്ചാല്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ച് എണ്ണക്കയറ്റുമതി തടയുമെന്ന് ഇറാന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
ഗവേഷണ ആവശ്യത്തിനുപയോഗിക്കുന്ന 20% ഗ്രേഡിലുള്ള യുറേനിയത്തിന്റെ ഉത്പാദനം നിര്‍ത്താന്‍ തയാറാണെന്ന് ഇറാന്റെ ആണവ മേധാവി അബ്ബാസി ഇറാന് ടിവിയോടു പറഞ്ഞു. എന്നാല്‍ വൈദ്യുതി ആവശ്യത്തിനായി കുറഞ്ഞ ഗ്രേഡിലുള്ള യുറേനിയം തുടര്‍ന്നും ഉത്പാദിപ്പിക്കും. മെഡിക്കല്‍ ഗവേഷണത്തിനായാണ് ഉയര്‍ന്ന ഗ്രേഡിലുള്ള യുറേനിയം തങ്ങള്‍ ഉപയോഗിക്കുന്നതെന്നും ആവശ്യത്തിനു സ്റോക്ക് തികഞ്ഞാല്‍ ഉത്പാദനം നിര്‍ത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന ഗ്രേഡിലുള്ള യുറേനിയം ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കാനാണ് ഇറാന് ലക്ഷ്യമിടുന്നതെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ഭീതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല