സ്വന്തം ലേഖകന്‍: എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ ഇന്ത്യക്ക് നല്‍കുന്ന പ്രത്യേക പരിഗണന നിര്‍ത്തലാക്കും; ഭീഷണി നയന്ത്രവുമായി ഇറാന്‍. ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനും മറ്റ് അനുബന്ധ പദ്ധതികള്‍ക്കും ഇന്ത്യ ഉറപ്പ് നല്‍കിയ നിക്ഷേപം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും വിഷയത്തില്‍ ഇന്ത്യ അടിയന്തിര നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്‍ ഡെപ്യൂട്ടി അംബാസിഡര്‍ മസൌദ് റെസ്വാനിയന്‍ റഹാഗി വ്യക്തമാക്കി. ‘ആഗോള നയതന്ത്രത്തിലെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും അവസരങ്ങളും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ അതിന്റെ സ്വാധീനവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനും മറ്റ് അനുബന്ധ പദ്ധതികള്‍ക്കും ഇന്ത്യ ഉറപ്പുനല്‍കിയിരുന്ന നിക്ഷേപം ഇതുവരെയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ഇന്ത്യ അടിയന്തര നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ റഹാഗി പറഞ്ഞു. ഇറാനെ ഒഴിവാക്കി സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചാല്‍ രാജ്യത്തിന് നല്‍കിവരുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി അവിടെ നിന്നള്ള എണ്ണ ഇറക്കുമതി തുടരരുതെന്ന് ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈയിടെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാന്‍ ഡെപ്യൂട്ടി അംബസഡറുടെ പ്രതികരണം. മേയ് 2016 ലാണ് ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് മൂന്നു രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള വ്യാപാരം സുഗമമാക്കുന്ന ചാബഹാര്‍ തുറമുഖം സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്. അതേസമയം, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂണില്‍ 15.9 ശതമാനമായി കുറച്ചിരുന്നു.
നവംബര്‍ നാലോടുകൂടി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കണമെന്നാണ് ഇന്ത്യയോടും മറ്റു രാജ്യങ്ങളോടും ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കായി എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇറാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല