സ്വന്തം ലേഖകന്‍: ഇറാനില്‍നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയും ചൈനയും അടക്കം എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുമതി; തീരുമാനം എണ്ണക്ഷാമവും വിലവര്‍ധനയും നേരിടാന്‍. ഇറാനില്‍നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പരിധിയില്‍നിന്ന് ഇന്ത്യയടക്കം എട്ട് രാജ്യങ്ങളെ യുഎസ് ഒഴിവാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്.
ചൈന, ഇന്ത്യ, ഗ്രീസ്, ഇറ്റലി, തായ്‌വാന്‍, ജപ്പാന്‍, തുര്‍ക്കി, ദക്ഷിണ കൊറിയ എന്നിവയ്ക്കാണ് താല്‍ക്കാലികമായി ഉപരോധം ഒഴിവാക്കിയത്. വിപണിയില്‍ എണ്ണയ്ക്കുണ്ടായ ക്ഷാമം കണക്കിലെടുത്താണ് തീരുമാനമെന്ന് പോംപിയോ പറഞ്ഞു. എന്നാല്‍ ഇറാനെതിരെ വീണ്ടും ഉപരോധം കടുപ്പിച്ചിരിക്കുകയാണ് യുഎസ്.
2015ലെ ആണവകരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച എല്ലാ ഉപരോധങ്ങളും യുഎസ് പുനസ്ഥാപിച്ചതിനു പിന്നാലെയാണ് ഈ നീക്കം. മേയ് മുതല്‍ ട്രംപ് ഭരണകൂടം ഇറാനെതിരേ ഉപരോധങ്ങള്‍ ചുമത്തുന്നുണ്ട്. എന്നാല്‍, തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നവ കടുത്തതാണ്. സാമ്പത്തികം, ഊര്‍ജം, ചരക്കുകടത്ത് എന്നീ മേഖലകളെ ലക്ഷ്യമിടുന്ന ഇവ ഇറാനെ ഞെരുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല