1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2024

സ്വന്തം ലേഖകൻ: ഭീകരത്താവളങ്ങൾ പരസ്പരം ആക്രമിച്ചതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പാക്കിസ്താനും ഇറാനും. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പാക്കിസ്താൻ വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശമന്ത്രി ഹൊസ്സൈൻ അമിർ അബ്ദുള്ളഹിയാനും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം.

നയതന്ത്ര – രാഷ്ട്രീയ ബന്ധം കൂടുതൽ വഷളായ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം ലഘൂകരിക്കാൻ സന്ദേശങ്ങൾ കൈമാറിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തിൽ ഇടപെടുന്നത്. പാക്കിസ്താനും ഇറാനും തമ്മിലുള്ളത് സഹോദരബന്ധമാണെന്നും ചർച്ചയിലൂടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കുമെന്നും പാക് അഡീഷണൽ വിദേശകാര്യസെക്രട്ടറി റഹീം ഹയാത്ത് ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി അൻവറുൾ ഹഖ് കാകർ പ്രത്യേക സുരക്ഷായോഗം വിളിച്ചുചേർത്തു. സൈനികമേധാവികളും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ തുടരുന്ന അരക്ഷിതാവസ്ഥ ദക്ഷിണേഷ്യയിലേക്കും വ്യാപിക്കുംവിധമാണ് രണ്ടുദിവസത്തിനിടെ ഇറാൻ-പാക്കിസ്താൻ സംഘർഷം കത്തിപ്പടർന്നത്.

ചൊവ്വാഴ്ച രാത്രിയാണ് പാക്കിസ്താനിലെ ബലൂചിസ്താനിൽ സുന്നി ഭീകരസംഘടനയായ ജയ്ഷ് അൽ ആദിലിന്റെ രണ്ടു കേന്ദ്രങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തിയത്. ബലൂചിസ്താനിലെ പഞ്ച്ഗുർ താവളമാക്കി ജയ്ഷ് അൽ ആദിൽ തങ്ങളുടെ സുരക്ഷാസേനകളെ ആക്രമിക്കുന്നുവെന്നതാണ് ഇറാന്റെ ആരോപണം. പ്രതികാരനടപടിയായി ഇറാന്റെ സിസ്റ്റാൻ-ബലൂചിസ്താൻ പ്രവിശ്യയിലുള്ള ബലൂച് ഗ്രൂപ്പുകളുടെ ഏഴോളം താവളങ്ങളിൽ വ്യാഴാഴ്ച പാക് വ്യോമസേന ബോംബിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.