സ്വന്തം ലേഖകൻ: ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനികനീക്കങ്ങളുടെയും ഹൂതികള്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങളുടെയും ഭാഗമായി കലുഷിതമായ മധ്യപൂര്‍വേഷ്യന്‍ മണ്ണില്‍ പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള പോര് സ്ഥിതി കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണു സംജാതമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുരാജ്യങ്ങളും നടത്തിയ വ്യോമാക്രമണങ്ങളില്‍ 11 പേരാണു മരിച്ചത്. 4 കുട്ടികള്‍ ഉള്‍പ്പെടെ 9 പേര് ഇറാനിലും രണ്ടു കുട്ടികള്‍ പാക്കിസ്ഥാനിലും മരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് എല്‍ അദ്ലിന്റെ രണ്ടു കേന്ദ്രങ്ങള്‍ ഉന്നമിട്ടാണ് ഇറാന് ആക്രമണം നടത്തിയതെന്നാണ് വിവരം. ഈ ഭീകര സംഘടനയുടെ നേതൃത്വത്തില്‍ ഇറാന്റെ സുരക്ഷാ വിഭാഗങ്ങള്‍ക്കെതിരെ അടുത്തിടെ ആക്രമണം വ്യാപകമായിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇറാന്റെ മിസൈല്‍ ആക്രമണമെന്നു കരുതുന്നു.
ഇതിനു തിരിച്ചടിയെന്ന തരത്തില്‍ ഇറാനില്‍ കടന്ന് ആക്രമണം നടത്തിയതായി പാക്കിസ്ഥാന് വ്യക്തമാക്കി. ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സരവന്‍ നഗരത്തിനു സമീപമുള്ള ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ ബലൂച് വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങള്‍ക്കു നേരെയും പാക്കിസ്ഥാന് വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ സംഘര്‍ഷത്തെ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമീപിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുമായി അടുപ്പമുള്ള ചൈനയ്ക്ക് പുതിയ സംഭവവികാസങ്ങളില്‍ ആരുടെ ഭാഗത്തുനില്‍ക്കണമെന്നത് തലവേദനയായിരിക്കുകയാണ്. ഇറാനില്‍നിന്നാണ് ചൈന ഏറിയ പങ്കും എണ്ണ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നമാണിതെന്നും സ്വയം പ്രതിരോധത്തിനായി രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ മനസിലാക്കുന്നുവെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.
48 മണിക്കൂറിനുള്ളില്‍ മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തി ലംഘിച്ച ഇറാന്റെ നടപടിയെ വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തി. മേഖലയില്‍ ഭീകരര്‍ക്ക് ധനസഹായം നല്കുന്ന ഇറാന് മറ്റൊരു ഭാഗത്ത് ഭീകരവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നുവെന്ന് അവകാശപ്പെടുകയാണെന്ന് വിദേശകാര്യവകുപ്പ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ചെങ്കടലില്‍ ഇറാന് അനുകൂല ഹൂതി ഭീകരര്‍ക്കെതിരായ പോരാട്ടത്തിലാണ് അമേരിക്ക.
അതിനിടെ ഏദന്‍ കടലിടുക്കില്‍ അമേരിക്കന്‍ ചരക്കുകപ്പലിനു നേരെ ഹൂതികളുടെ ആക്രമണം. മാര്‍ഷല്‍ ഐലന്‍ഡിന്റെ പതാകവഹിക്കുന്ന എം.വി. ജെന്‍കോ പികാര്‍ഡി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണ വിവരം ലഭിച്ച ഉടന്‍ ഇന്ത്യന്‍ നാവികസേന കപ്പലിന്റെ രക്ഷയ്ക്കെത്തി.
ബുധനാഴ്ച രാത്രി 11.11-നാണ് യുഎസ് കപ്പലിനുനേരെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ മിസൈല്‍ വേധ കപ്പലായ ഐ.എന്‍.എസ്. വിശാഖപട്ടണത്തിലേക്കാണ് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. ഉടന്‍ രക്ഷാദൗത്യത്തിനായി പുറപ്പെട്ട നാവികസേന 18-ന് 12:30-ഓടെ അമേരിക്കന്‍ കപ്പലിലെത്തി.
ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 ജീവനക്കാരാണ് ജെന്‍കോ പികാര്‍ഡിയില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ആക്രമണത്തെ തുടര്‍ന്ന് കപ്പലിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാണ്. യുഎസ് കപ്പലില്‍ പ്രവേശിച്ച ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍ വിശദമായ പരിശോധന നടത്തി കപ്പല്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് ഏറ്റവുമടുത്ത തുറമുഖത്തേക്ക് കപ്പല്‍ യാത്ര തിരിച്ചു.
ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ പട്രോളിങ് നടത്തുന്ന കപ്പലാണ് ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ്. വിശാഖപട്ടണം. യുഎസ് കപ്പല്‍ ആക്രമിക്കപ്പെട്ടതായും ഐ.എന്‍.എസ്. വിശാഖപട്ടണം രക്ഷയ്ക്കെത്തിയതായും ഇന്ത്യന്‍ നാവികസേനയുടെ വക്താവാണ് എക്സിലൂടെ അറിയിച്ചത്. ആക്രമിക്കപ്പെട്ട കപ്പലിന്റെ ചിത്രങ്ങളും നാവികസേന പുറത്തുവിട്ടിട്ടുണ്ട്.
നേരത്തേ അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ലൈബീരിയന്‍ പതാക വഹിക്കുന്ന എം.വി. ലില നോര്‍ഫോക് എന്ന കപ്പലിന് രക്ഷയായതും ഇന്ത്യന്‍ നാവികസേനയാണ്. സേനയുടെ ഐ.എന്‍.എസ്. ചെന്നൈ എത്തിയാണ് കടല്‍ക്കൊള്ളക്കാരെ തുരത്തി കപ്പല്‍ മോചിപ്പിച്ചത്. ആറ് ആയുധധാരികളാണ് കപ്പലിനകത്ത് കയറി കപ്പല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. നാവികസേനയുടെ മറൈന്‍ കമാന്‍ഡോ സംഘമായ മാര്‍കോസ് ആണ് രക്ഷാദൗത്യം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല