ഇറാനുമായി ഉപാധിവയ്ക്കാതെ ചര്‍ച്ചയ്ക്ക് യുഎസ് തയാറാണെന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇറാനെതിരേയുള്ള സമ്മര്‍ദ നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വിസ് വിദേശമന്ത്രി ഇഗ്‌നാസിയോ കാസിസുമായി ചര്‍ച്ചയ്ക്കാണ് പോംപിയോ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയത്. ഇറാനിലെ യുഎസ് താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡാണ്. വര്‍ഷങ്ങളായി യുഎസിന് ഇറാനുമായി നയതന്ത്രബന്ധമില്ല. മുന്‍ ഉപാധികള്‍ വയ്ക്കാതെ ഇറാനുമായി സംഭാഷണത്തിനു തയാറാണെന്ന് കാസിസുമൊത്തു നടത്തിയ പത്രസമ്മേളനത്തില്‍ പോംപിയോ പറഞ്ഞു.
ഇതേസമയം, ഗള്‍ഫിലുള്ള അമേരിക്കന്‍ നാവികക്കപ്പലുകളും മറ്റും ഇറാന്റെ മിസൈല്‍ പരിധിയിലാണെന്നും ഏറ്റുമുട്ടലുണ്ടായാല്‍ എണ്ണവില ബാരലിനു നൂറു ഡോളര്‍ കടക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്‌യുടെ സൈനിക ഉപദേഷ്ടാവ് യാഹ്യാ റഹിം സഫാവി മുന്നറിയിപ്പു നല്‍കി. ഗള്‍ഫില്‍ ആദ്യത്തെ വെടിപൊട്ടുന്‌പോള്‍ തന്നെ എണ്ണവില വീപ്പയ്ക്ക് നൂറു ഡോളറിനു മുകളിലാവും. ഇതു താങ്ങാന്‍ യുഎസിനും യൂറോപ്പിനും അവരുടെ സഖ്യകക്ഷികള്‍ക്കും സാധിക്കില്ലെന്നും യാഹ്യാ പറഞ്ഞു.
അമേരിക്ക അയച്ച വിമാനവാഹിനിയും ബി52 ബോംബറുകളും ഗള്‍ഫില്‍ ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണ്. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇറാനോടുള്ള കര്‍ക്കശനിലപാടില്‍ ഈയിടെ ട്രംപ് അയവുവരുത്തിയെങ്കിലും സംഘര്‍ഷ സാധ്യത തുടരുകയാണ്. ഇറാനുമായി പുതിയ ആണവക്കരാര്‍ സാധ്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല