സ്വന്തം ലേഖകന്‍: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഉറച്ച പിന്തുണയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്. 130 കോടിയിലേറെ പൗരന്‍മാരുള്ള രാജ്യത്തിന് വീറ്റോ അധികാരമില്ലാത്തത് എന്തടിസ്ഥാനത്തിലാണെന്ന് റൂഹാനി ചോദിച്ചു. കൈവശം അണുബോംബ് ഉള്ളവര്‍ക്കാണ് വീറ്റോ അധികാരമുള്ളതെന്നും റൂഹാനി പരിഹസിച്ചു. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്.
2013ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യ ഇന്ത്യാസന്ദര്‍ശനത്തിലാണ് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങളെ റൂഹാനി പിന്തുണച്ചത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ് രണ്ടു ദിവസം ഹൈദരാബാദില്‍ ചെലവഴിച്ച ശേഷം ശനിയാഴ്ച ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സുരക്ഷ, പ്രതിരോധം, വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയുമായി 13 കരാറുകളും ഒപ്പിട്ടു.
ഇറാനുമായുള്ള ആണവകരാറില്‍നിന്ന് പിന്‍മാറാനുള്ള യുഎസിന്റെ നീക്കത്തെയും റൂഹാനി വിമര്‍ശിച്ചു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഒപ്പുവച്ച ആണവ കരാര്‍ അനുസരിച്ചാണ് ഇറാന്‍ ഇപ്പോഴും മുന്നോട്ടു പോകുന്നതെന്ന് റൂഹാനി വ്യക്തമാക്കി. അവസാന ശ്വാസം വരെ കരാര്‍ വ്യവസ്ഥകള്‍ പാലിച്ചുതന്നെ മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ച റൂഹാനി, കരാര്‍ ലംഘിച്ചാല്‍ യുഎസ് ഖേദിക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല